Latest Videos

അമേഠി-റായ്ബറേലി സീറ്റുകളില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം? താല്‍പര്യമറിയിച്ച് രാഹുല്‍; നിര്‍ദേശം വെച്ച് പ്രിയങ്ക

By Web TeamFirst Published Apr 25, 2024, 1:57 PM IST
Highlights

വയനാടിന് പുറമെ അമേഠിയില്‍ കൂടി മത്സരിക്കുന്നതില്‍ നേരത്തെ എഐസിസി രാഹുല്‍ ഗാന്ധിയുടെ നിലപാട് തേടിയിരുന്നു. ഇതിനിടെയാണിപ്പോള്‍ റായ്ബറേലിയില്‍ മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന രാഹുല്‍ ഗാന്ധി അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്

ദില്ലി: അമേഠി-റായ്ബറേലി സീറ്റുകളെ ചൊല്ലി കോൺഗ്രസിൽ തർക്കമെന്ന് റിപ്പോർട്ട്. റായ്ബറേലി സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി നിർദ്ദേശം വച്ചെന്നാണ് സൂചന. രാഹുൽ ഗാന്ധിക്കും റായ്ബറേലി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശയക്കുഴപ്പം കാരണം രണ്ടു സീറ്റുകളിലും അന്തിമ തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം കുഴങ്ങുകയാണ്. അതേസമയം, അമേഠി സീറ്റിൽ റോബര്‍ട്ട് വദ്ര അവകാശ വാദം ഉന്നയിക്കുന്നുണ്ട്. നേരത്തെ റോബര്‍ട്ട് വദ്രയുടെ ആവശ്യം എഐസിസി തള്ളിയിരുന്നെങ്കിലും ആവശ്യത്തില്‍ വദ്ര ഉറച്ചുനില്‍ക്കുകയാണെന്നാണ് വിവരം. 

ഗാന്ധി കുടുംബം ഇക്കുറി  ഉത്തര്‍പ്രദേശിലെ പരമ്പരാഗത മണ്ഡലങ്ങളില്‍ മത്സരിക്കുമയോന്നതില്‍ അവ്യക്തത തുടരുമ്പോഴാണ് കോണ്‍ഗ്രസില്‍ അമേഠി-റായ്ബറേലി സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കമെന്ന വാര്‍ത്തയും പുറത്തുവരുന്നത്. വയനാടിന് പുറമെ അമേഠിയില്‍ കൂടി മത്സരിക്കുന്നതില്‍ നേരത്തെ എഐസിസി രാഹുല്‍ ഗാന്ധിയുടെ നിലപാട് തേടിയിരുന്നു. ഇതിനിടെയാണിപ്പോള്‍ റായ്ബറേലിയില്‍ മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന രാഹുല്‍ ഗാന്ധി അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേഠി-റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, രണ്ടു സീറ്റുകളിലും ആശയക്കുഴപ്പം തുടരുന്നതിനിടെ അന്തിമ തീരുമാനവും നീളുകയാണ്. രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകാതിരിക്കാനാണ് പ്രഖ്യാപന വൈകിപ്പിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുലോ പ്രിയങ്കയോ യുപിയില്‍ മത്സരിക്കുമെന്ന് എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതോടെ ഹിന്ദി ഹൃദയഭൂമിയില്‍ ഇക്കുറി ഗാന്ധി കുടുംബം മത്സരിക്കുമോയെന്നതിലെ അഭ്യൂഹം നീങ്ങിയിരുന്നു.

'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

 

click me!