
ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി റിപ്പോർട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.
രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാന്‍റർ നിർമൽ സിയാംബാല പിതിയയ്ക്കും ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് സർവകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും. അതിനിടെ രക്തദാന ക്യാമ്പിൽ എത്തി രക്തം നൽകിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം വൈറൽ ആയി.
ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി വീണ്ടും ഇന്ത്യൻ വിമാനം. വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി ലങ്കയിൽ എത്തി. ലങ്കൻ ആരോഗ്യ വകുപ്പിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. പരിശീലനം നൽകാൻ പ്രത്യേക മെഡിക്കൽ സംഘവും കൊളമ്പോയിൽ എത്തി. 750 ഓളം ഇന്ത്യക്കാരെ ആണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിക്കനായത്. ഇന്ത്യൻ സർക്കാരിനും സേനാംഗങ്ങൾക്കും നാട്ടിലേക്ക് മടങ്ങിയവർ നന്ദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam