
ബെംഗളുരു: കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്ത്. ബെംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്. ഞാൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു. കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു.
മുഖ്യമന്ത്രി തർക്കം സംബന്ധിച്ചുള്ള ചർച്ചകൾക്കായി ദില്ലിക്ക് പോകുകയാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ഇന്ന് എന്‍റെ പിറന്നാളാണ്, ക്ഷേത്ര ദർശനം നടത്തിയ ശേഷം ദില്ലിയിലേക്ക് പോവും. സമയം തീരുമാനിച്ചിട്ടില്ലെന്നും വിമാനത്തിന്റെ സമയം നോക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
അതേസമയം എം എൽ എമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. കേന്ദ്ര നിരീക്ഷകർക്കു മുന്നിലും കർണാടകയിലെ ഭൂരിപക്ഷം എം എൽ എമാർ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കർണാടക മുഖ്യമന്ത്രിയാകാൻ സാധ്യത വർധിച്ചത്. ഇന്ന് തന്നെ ദില്ലിയിൽ ചർച്ചകൾ പൂർത്തിയാക്കി രാത്രിയോടെ എ ഐ സി സി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. ഇതോടെ വീണ്ടുമൊരിക്കൽ കൂടി കർണാടക മുഖ്യമന്ത്രിയാകാനുള്ള വഴിയാണ് സിദ്ധരാമയ്യയ്ക്ക് മുന്നിൽ തെളിയുന്നത്. ബംഗളൂരുവിൽ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എം എൽ എമാരെ ഓരോരുത്തരെയും കണ്ട് എ ഐ സി സി നിരീക്ഷകർ അഭിപ്രായം തേടിയിരുന്നു. പുലർച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവിൽ സിദ്ധരാമയ്യ്ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു. ഈ റിപ്പോർട്ടുമായാണ് നിരീക്ഷകരും കെ സി വേണുഗോപാൽ അടക്കമുള്ള എ ഐ സി സി പ്രതിനിധികളും ദില്ലിയിക്ക് മടങ്ങിയത്.