Latest Videos

സോണിയാ ഗാന്ധിയോട് സംസാരിക്കണം, സമവായ ഫോർമുലയിൽ ഉറപ്പ് വേണം: ഡികെ ശിവകുമാർ

By Web TeamFirst Published May 16, 2023, 7:12 AM IST
Highlights

ഇന്ന് ദില്ലിയിൽ നടക്കുന്ന ചർച്ചകൾ നിർണായകമാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ചർച്ച നടത്തും

ദില്ലി: കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ച് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്നാണ് പരാതി. സിദ്ധരാമയ്യയുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങൾ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തു.

ഇന്ന് ദില്ലിയിൽ നടക്കുന്ന ചർച്ചകൾ നിർണായകമാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ചർച്ച നടത്തും. സംസ്ഥാനത്തെ 85 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാർ ഇന്ന് ചർച്ചയ്ക്കായി ദില്ലിയിലെത്തുമെന്ന് കരുതുന്നു. ഇന്നലെ അദ്ദേഹത്തോട് ദില്ലിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ദില്ലിയിൽ ദേശീയ നേതാക്കളുമായി ചർച്ച നടത്തി. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോർമുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണ്ണാടക നിരീക്ഷകരുമായുള്ള ചർച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചർച്ച നടന്നെങ്കിലും ഡികെ ശിവകുമാർ എത്താത്തതിനാൽ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശിവകുമാറിനെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നൽകുന്നതിനൊപ്പം കർണാടക പിസിസി അധ്യക്ഷ സ്ഥാനവും ഡികെ ശിവകുമാറിന് നൽകിയേക്കുമെന്നാണ് വിവരം.

click me!