'മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ ആശംസകൾ'; വിമത നീക്കത്തിനില്ലെന്ന് ഡികെ ശിവകുമാർ

Published : May 15, 2023, 08:16 PM IST
'മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ ആശംസകൾ'; വിമത നീക്കത്തിനില്ലെന്ന് ഡികെ ശിവകുമാർ

Synopsis

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഒരു അഭിമുഖത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു

ബെംഗളൂരു: കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. തന്നെ കർണാടക സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കർണാടകത്തിൽ അധികാരം പിടിച്ച് തന്നെ എൽപ്പിച്ച കടമ നിറവേറ്റി. പാർട്ടിയുടെ ഏത് തീരുമാനവും താൻ അംഗീകരിക്കും. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാൻ ഡികെ ശിവകുമാറിനെ ദില്ലിക്ക് ഹൈക്കമാൻഡ് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. വയറിൽ അണുബാധയെന്ന് കാരണം പറഞ്ഞാണ് അദ്ദേഹം പിന്മാറിയത്. സംസ്ഥാനത്ത് തന്‍റേതായി എംഎൽഎമാരില്ലെന്നും എല്ലാം കോൺഗ്രസിന്‍റെ എം എൽ എമാരാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. കോൺഗ്രസിന് 135 എം എൽ എ മാരുണ്ട്. മുഖ്യമന്ത്രി തീരുമാനം സംബന്ധിച്ച എല്ലാം ഹൈക്കമാൻഡിന് വിട്ടെന്നും ഡി കെ വിശദീകരിച്ചിരുന്നു.

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. എതിർപ്പുള്ളവരും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. ഇതിന് പിന്നാലെയാണ് ദില്ലിയിലേക്ക് പോകുന്നില്ലെന്ന് ഡികെ ശിവകുമാർ തീരുമാനിച്ചത്. സിദ്ധരാമയ്യയുടെ അഭിമുഖമാണ് യാത്ര റദ്ദാക്കാൻ കാരണമെന്ന് ഇതിനിടെ വാദമുയർന്നിരുന്നു. അതേസമയം ഹൈക്കമാൻഡ് വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ട്. ഉപ മുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പുകളും ഡികെക്ക് നൽകാനാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ ആലോചന.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം