നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍; ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തമിഴകം

By Web TeamFirst Published Sep 24, 2019, 5:46 PM IST
Highlights

കോണ്‍ഗ്രസ് സഖ്യത്തില്‍ ഡിഎംകെയും, ബിജെപിക്കൊപ്പം അണ്ണാഡിഎംകെയും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. എന്നാല്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യവും ടി.ടി.വി ദിനകരനും ഇത്തവണ മത്സരരംഗത്ത് ഇല്ല. 

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സഖ്യത്തില്‍ ഡിഎംകെയും, ബിജെപിക്കൊപ്പം അണ്ണാഡിഎംകെയും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. എന്നാല്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യവും ടി.ടി.വി ദിനകരനും ഇത്തവണ മത്സരരംഗത്ത് ഇല്ല. 

ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ നംഗുന്നേരി, വിക്രവാണ്ടി മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഡിഎംകെ എംഎല്‍എ രത്നസഭാപതിയുടെ വിയോഗത്തോടെ ഒഴിവ് വന്ന വിക്രവാണ്ടി മണ്ഡലത്തില്‍ അണ്ണാഡിഎംകെ തിരിച്ചുവരവ് ലക്ഷ്യം വയ്ക്കുന്നു. വണ്ണിയര്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ഡിഎംകെ വിജയം. 

അന്‍പുമണി രാംദോസിന്‍റെ പിഎംകെ സഖ്യത്തിലുള്ളതിനാല്‍ വണ്ണിയര്‍ വോട്ടുകള്‍ ഒപ്പം നില്‍ക്കുമെന്ന് ഇപിഎസ്സും ഒപിഎസ്സും കണക്കുകൂട്ടുന്നു. ഉദയനിധിക്കായി അവകാശവാദം ഉയര്‍ന്നിട്ടും, വണ്ണിയര്‍ സമുദായ നേതാവ് പുകഴേന്തിയെ സ്ഥാനാര്‍ത്ഥിയാക്കിയാണ് ഡിഎംകെ വെല്ലുവിളി ഉയര്‍ത്തുന്നത്.വിക്രവാണ്ടിയില്‍ ഡിഎംകെ സഖ്യം മികച്ച വിജയം നേടും. ഭരണപക്ഷത്തിന് എതിരായ വികാരം തമിഴ്നാട് മുഴുവനും അലയടിക്കുകയാണ് - ഡിഎംകെ നേതാവ് പൊന്മുടി പറഞ്ഞു.

കന്യാകുമാരിയില്‍ പൊന്‍രാധാകൃഷ്ണന് എതിരെ എച്ച് വസന്തുകുമാര്‍ വിജയത്തോടെയാണ് നംഗുന്നേരിയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ക്രിസ്റ്റ്യന്‍ നാടാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള നംഗുന്നേരിയില്‍ നാടാര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ്  ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം പരിഗണിക്കുന്നത്. 

വസന്തകുമാറിന്‍റെ സഹോദരനും തമിഴ്സൈ സൗന്ദരരാജന്‍റെ പിതാവുമായ കെ.ആനന്ദനാണ് സജീവ പരിഗണനയിലുള്ളത്.മുന്‍മന്ത്രിയും നാടാര്‍ സമുദായ നേതാവുമായ ഇന്‍മ്പതമിഴ്നാണ് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍പന്തിയില്‍. അതേസമയം ദ്രാവിഡ പാര്‍ട്ടികളുടെ അഴിമതി നിറഞ്ഞ കിടമത്സരമാണ് നടക്കുന്നതെന്നും തന്‍റെ ലക്ഷ്യം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് എന്നും ചൂണ്ടിക്കാട്ടിയാണ് കമല്‍ഹാസന്‍ മത്സരരംഗത്ത് നിന്ന് വിട്ട് നില്‍ക്കുന്നത്.
 

click me!