
ചെന്നൈ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന്റെ സഹായ വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. കേരളത്തിൽ നിന്ന് എത്തിക്കാമെന്ന് പറഞ്ഞ വെള്ളം സർക്കാർ വേണ്ടെന്ന് പറഞ്ഞത് അഴിമതിക്ക് സാധ്യതയില്ലാത്തത് കൊണ്ടാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
തമിഴ്‌നാടിന്റെ ദുരവസ്ഥ കണ്ടാണ് കേരളം സഹായത്തിന് തയ്യാറായത്. ജോലാർപേട്ടിൽ നിന്ന് വെള്ളം കൊണ്ട് വരാനുള്ള നീക്കം അഴിമതി നടത്താൻ മാത്രമാണ്. കടൽവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് ശാശ്വത പരിഹാരമെന്നും സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിന്റ വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിന്റെ നീക്കത്തെ നേരത്തെയും സ്റ്റാലിൻ വിമർശിച്ചിരുന്നു.
കേരളത്തിന്റെ സഹായ വാഗ്ദാനം നിരസിച്ച തമിഴ്നാട് സർക്കാരിന്റെ നീക്കം അത്യന്തം അപലപനീയമാണ്. ചെന്നൈ മെട്രോ വാട്ടർ വിതരണം ചെയ്യുന്ന വെള്ളത്തിനായി ഓൺലൈൻ ബുക്ക് ചെയ്ത് ജനങ്ങള്‍ 20-25 ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമായ അവസ്ഥയാണ്. വരൾച്ച രൂക്ഷമായ തമിഴ്നാട്ടിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് കേരളം കുടിവെള്ളം വാഗ്ദാനം ചെയ്തതത്. എന്നാൽ കേരള സര്‍ക്കാരിന്റെ വാഗ്ദാനം തമിഴ്നാട് സർക്കാർ നിരസിക്കുകയാണുണ്ടായതെന്നും സ്റ്റാലിൻ പറഞ്ഞു.
കൊടുംവരൾച്ചയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍ മാര്‍ഗം എത്തിച്ചുനല്‍കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് സര്‍ക്കാരിനെ കേരളം അറിയിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
തമിഴ്നാടിന് വെള്ളം വിതരണം ചെയ്യാമെന്നറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിൻ നന്ദിയറിയിച്ച് രംഗത്തെത്തിയിരുന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam