
ചെന്നൈ : 107 സീറ്റുകളും കോൺഗ്ര് അടക്കം പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി തമിഴ്നാട്ടിൽ മുഖ്യമന്ത്രി കസേര ഉറപ്പിച്ച വിജയിയെ ആദ്യ ഘട്ടത്തിൽ എതിർക്കേണ്ടതില്ലെന്ന നിലപാടിൽ ഡിഎംകെ. ടിവികെ സർക്കാർ രൂപീകരിക്കട്ടേയെന്ന നിലപാട് സ്വീകരിച്ച് വിശ്വാസവോട്ടിൽ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കും. ബിജെപിയെ എതിർത്ത് അധികാരത്തിലേക്ക് ചുവടുവെച്ച വിജയ് യെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ എതിർക്കേണ്ടെന്നാണ് പൊതുവികാരം. ടിവികെ സർക്കാർ രൂപീകരിക്കട്ടേയെന്നാണ് നിലപാടെന്ന് ഡിഎംകെ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അന്തിമ തീരുമാനം നാളെ വൈകീട്ടുണ്ടാകും.
ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ 11 സീറ്റുകൾ കൂടി ആവശ്യമുള്ള സാഹചര്യത്തിൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ്, സിപിഎം അടക്കം പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് വിജയുടെ നീക്കം. പിന്തുണ തേടി വിജയ് കോൺഗ്രസ് പാർട്ടിക്കും സിപിഐക്കും സിപിഎമ്മിനും കത്ത് നൽകിയിട്ടുണ്ട്. ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിക്കഴിഞ്ഞു. 5 സീറ്റുകളുള്ള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ വരെ ആവശ്യപ്പെട്ടേക്കാം. കോൺഗ്രസ് പിന്തുണയ്ക്കുന്നതോടെ ടിവികെയുടെ സീറ്റ് നില 113 ആകും.
വിഷയത്തിൽ എന്തു തീരുമാനം സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾ ആദ്യം ചർച്ച ചെയ്യുമെന്നാണ് സിപിഎം സിപിഐ കേന്ദ്ര നേതാക്കളുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ വിജയിയെ പിന്തുണയ്ക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു സെക്യുലർ സർക്കാർ വേണമെന്ന കടുത്ത ഉപാധി കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. മേയ് 7-ഓടെ ചെന്നൈയിലെ സ്റ്റേഡിയത്തിൽ വെച്ച് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam