Agnipath : 'യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുത്'; അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published : Jun 16, 2022, 03:30 PM ISTUpdated : Jun 16, 2022, 03:52 PM IST
 Agnipath : 'യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുത്'; അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Synopsis

'റാങ്കില്ല, പെന്‍ഷനില്ല.. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍' രാഹുല്‍ ട്വീറ്റ് ചെയ്തു.   

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

'റാങ്കില്ല, പെന്‍ഷനില്ല.. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍' രാഹുല്‍ ട്വീറ്റ് ചെയ്തു. 

അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നയം വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. സേനയിൽ നിശ്ചിത കാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ ജോലി സാധ്യതകൾ തുറന്നുകിട്ടുമെന്നും കേന്ദ്രസർക്കാർ പറയുന്നു. 

അഗ്നിപഥ് വിരുദ്ധർ രാജസ്ഥാനിലെ ജോധ്പൂരിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ഇവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് സമാധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

ഇന്ത്യ ഇരു വശങ്ങളിൽ നിന്നും ഭീഷണി നേരിടുമ്പോൾ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുൽ ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. സേനയുടെ അച്ചടക്കവും ഊർജ്ജവും വിട്ടുവീഴ്ച ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

എന്താണ് അഗ്നിപഥ് പദ്ധതി...

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്.  പ്രതിവർഷം 45000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നല്കിയതിനു പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.
 
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. നാല്പത്തിയയ്യായിരം യുവാക്കളെ ഓരോ വർഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ള പദ്ധതിയാണ് അഗ്നിപഥ്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും  ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും. 

തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം.  ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദേശം. 

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8.72 ലക്ഷം ഒഴിവുകളുള്ളതായി കേന്ദ്രം ഈ വർഷമാദ്യം പാർലമെൻറിൽ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലവസരങ്ങൾ കൂട്ടാനുള്ള കേന്ദ്രത്തിൻറെ നിർണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

Read Also: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിൽ രാജ്യത്ത് പ്രതിഷേധം ശക്തം, ബിഹാറിൽ ട്രെയിൻ കത്തിച്ചു

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്