നായയെ കാറിൽ കെട്ടിവലിച്ചത് കുരച്ച് ബഹളം വച്ചതുകൊണ്ട്; കൊടും ക്രൂരതയ്ക്ക് ഡോക്ടറുടെ വിശദീകരണം

By Web TeamFirst Published Sep 22, 2022, 6:38 PM IST
Highlights

തെരുവുനായ പലപ്പോഴും വീടിനുള്ളിൽ കയറുമായിരുന്നെന്നും പുറത്തു കുരച്ച് ബഹളം വയ്ക്കുമായിരുന്നുവെന്നും ശല്യം സഹിക്കാതെയാണ് നായയെ പിടികൂടിയതെന്നാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം.

ജോധ്പുർ: രാജസ്ഥാനിൽ തെരുവ് നായയെ കാറിൽ കെട്ടിയിട്ട്  വലിച്ചിഴച്ച ഓടിച്ച് പോയ ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഡോക്ടറുടെ ക്രൂരതയ്ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്ലാസ്റ്റിക് സർജനായ ഡോ. രജ്നീഷ് ഗ്വല. 

'തെരുവുനായ പലപ്പോഴും വീടിനുള്ളിൽ കയറുമായിരുന്നെന്നും പുറത്തു കുരച്ച് ബഹളം വയ്ക്കുമായിരുന്നുവെന്നും ശല്യം സഹിക്കാതെയാണ് നായയെ പിടികൂടിയതെന്നാണ് രജ്നീഷ് ഗ്വല നല്‍കുന്ന വിശദീകരണം. നായയെ പിടിച്ച് കെട്ടി  കോർപ്പറേഷൻ വളപ്പിൽ കൊണ്ടിടാൻ പോകുകയായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്. അതേസമയം വിഷയത്തിൽ മനേക ഗാന്ധി അടക്കമുള്ളവർ ഇടപെട്ടതിനെത്തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജസ്ഥാനിലെ ജോധ്പൂരിൽ  ആണ് ഡോക്ടര്‍ തന്‍റെ ഹ്യുണ്ടായ് ക്രെറ്റ കാറിന് പിന്നിൽ കെട്ടിയ നായയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്,  നായ കാറിനൊപ്പം ഓടാൻ പാടുപെടുന്നതും റോഡുകളിൽ വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. നായയുടെ വായിൽ അലറാൻ പറ്റാത്ത വിധം ഒരു തുണിക്കഷണം കെട്ടിയിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് കൊടും ക്രൂരത വീഡിയോയില്‍ പകര്‍ത്തിയത്.

The person who did this he is a Dr. Rajneesh Gwala and dog legs have multiple fracture and this incident is of Shastri Nagar Jodhpur please spread this vidro so that should take action against him and cancel his licence pic.twitter.com/leNVxklx1N

— Dog Home Foundation (@DHFJodhpur)

തെരുവുനായയേയും കെട്ടിവലിച്ച് കാറിൽ നഗരവീഥികളിൽ ചുറ്റിക്കറങ്ങിയ ഡോക്ടറെ  ഒടുവില്‍ നാട്ടുകാർ ആണ് തടഞ്ഞ്  വാഹനം നിര്‍ത്തിക്കുകയും നായയെ അഴിച്ചുമാറ്റുകയും ചെയ്‍തത്. തുടര്‍ന്ന് ഒരു എൻ‌ജി‌ഒയെ വിവരം അറിയിക്കുകയും നായയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‍തു.  കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു.  നായയ്ക്ക് ഒന്നിലധികം പരിക്കുകൾ പറ്റിയിട്ടുണ്ട്. കാലുകളിൽ ഒന്നിലധികം ഒടിവുകളും കഴുത്തിൽ ചതവുകളുമുണ്ട്. പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയിലെത്തിച്ചത്. മൃഗപീഡന നിയമപ്രകാരം നൽകിയ പരാതിയിൽ പൊലീസ് ഡോക്ടര്‍ക്കെതിരെ  കേസെടുത്തിട്ടുണ്ട്.

Read More : വായില്‍ തുണി തിരുകി നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചിഴച്ച് സര്‍ക്കാര്‍ ഡോക്ടര്‍!
 

click me!