ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതിയിൽ പ്രതിഷേധം; 11ന് സമരം പ്രഖ്യാപിച്ച് ഐഎംഎ

By Web TeamFirst Published Nov 30, 2020, 10:43 PM IST
Highlights

കൊവിഡ് ചികിത്സയും , അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമനടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ഡിസംബർ 11 വെള്ളിയാഴ്‌ച മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ രാജ്യ വ്യാപക പണിമുടക്ക്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി തുടങ്ങാനും ഐഎംഎ തീരുമാനിച്ചു. 58 ശസ്ത്രക്രിയകൾ ചെയ്യാനാണ് ആയുഷ് മന്ത്രാലയം ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയത്. 

ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ശല്യ തന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താം. ആയുര്‍വേദത്തിൽ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. 

പ്രസവ ശസ്ത്രക്രിയയില്‍ പരിശീലനം നൽകാനുള്ള നീക്കത്തെ നേരത്തെ തന്നെ ഐഎംഎ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച കേസിപ്പോള്‍ കോടതി പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് നിയമ പരമായ നീക്കം എന്നതിനേക്കാൾ ഐഎംഎ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. രാജ്യമൊട്ടാകെ ചികില്‍സ തന്നെ മുടക്കിയുള്ള ശക്തമായ സമരപരിപാടികള്‍ക്കാണ് ആലോചന.

ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ശസ്ത്രക്രിയ സ്പെഷ്യാലിറ്റികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റികളിലും മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ പ്രായോഗിക പരിശീലനം നേടുന്നിടത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ എങ്ങനെ, എത്രകാലം പരിശീലനം നേടുമെന്നതിലടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇവര്‍ ചെയ്യുന്ന ശസ്ത്രക്രിയകളില്‍ പ്രശ്നങ്ങളുണ്ടായാൽ തുടര്‍ ചികിൽസ, രോഗിയുടെ ഉത്തരവാദിത്വം ഇത് സംബന്ധിച്ചും അന്തിമ തീരുമാനമാകണം . ശസ്ത്രക്രിയക്കിടയിലോ ശേഷമോ അത്യാഹിതം സംഭവിച്ചാൽ രോഗിയ്ക്ക് എങ്ങനെ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നതിലും വ്യക്തയില്ല. 

അതേസമയം എല്ലാവര്‍ക്കും വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് കേന്ദ്ര നിലപാട്.

click me!