'കശ്മീരില്‍' മധ്യസ്ഥത; തീരുമാനമെടുക്കേണ്ടത് മോദിയെന്ന് ട്രംപ്

By Web TeamFirst Published Aug 2, 2019, 10:00 AM IST
Highlights

കശ്മീര്‍ വിഷയത്തില്‍ മോദിയുമായും ഇമ്രാന്‍ ഖാനുമായും തുറന്ന ചര്‍ച്ച താന്‍ നടത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ദില്ലി: ജമ്മുകശ്മീരില്‍ മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 

കശ്മീര്‍ വിഷയത്തില്‍ മോദിയുമായും ഇമ്രാന്‍ ഖാനുമായും തുറന്ന ചര്‍ച്ച താന്‍ നടത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കശ്മീര്‍ വിഷയത്തില്‍ തന്‍റെ മധ്യസ്ഥത വേണോയെന്ന് തീരുമാനിക്കേണ്ടത് മോദിയാണ്. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിയും ഇമ്രാന്‍ ഖാനും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരാണ്. അവര്‍ അത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നരേന്ദ്രമോദി തന്നോട് സഹായം ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പാര്‍ലമെന്‍റിലുള്‍പ്പടെ ഇത് പ്രതിഷേധത്തിനിടയാക്കി.  ട്രംപ് സ്വമേധയാ സഹായവാഗ്ദാനം നല്‍കിയതാണെന്ന വിശദീകരമണമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, മുന്‍ നിലപാടില്‍ ഉറച്ചാണ് ഡോണള്‍ഡ് ട്രംപ് ഇന്ന് വീണ്ടും പ്രസ്താവന നടത്തിയിരിക്കുന്നത്. 

click me!