
ദില്ലി: ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ നിക്ഷേപം നടത്താൻ തയ്യാറായി ട്രംപിന്‍റെ കമ്പനി. 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപ് ടവറുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് നീക്കം. പദ്ധതിക്ക് അന്തിമ രൂപം നല്കാൻ ട്രംപിന്‍റെ മക്കൾ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
രണ്ടാം വട്ടം അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപ് ഇന്ത്യയുമായി എങ്ങനെ സഹകരിക്കും എന്നതിൽ ഇനിയും വ്യക്തതയായിട്ടില്ല. അധികാരമേൽക്കുന്ന ചടങ്ങിലേക്ക് നരേന്ദ്ര മോദിയെ ട്രംപ് ക്ഷണിക്കാത്തത് വലിയ ചർച്ചയായിരുന്നു. വ്യവസായി മുകേഷ് അംബാനിക്കും നീതാ അംബാനിക്കുമൊപ്പം ട്രംപ് കമ്പനിയുടെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് പങ്കാളി കൽപേഷ് മേത്തയും അമേരിക്കയിലെ ചടങ്ങിലുണ്ടായിരുന്നു.
ഗുരുഗ്രാം, പൂനെ, മുംബൈ, കൊലക്കത്ത എന്നീ നഗരങ്ങളിലാണ് നിലവിൽ ട്രംപ് ടവറുകൾ എന്ന പേരിൽ ആഡംബര അപ്പാർട്ടുമെൻറുകൾ പണിയുന്നത്. 7000 കോടി രൂപയാണ് നിലവിലെ പദ്ധതികളിൽ നിന്ന് ട്രംപ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. എട്ടു ട്രംപ് ടവറുകളുടെ നിർമ്മാണം കൂടി തുടങ്ങാനാണ് ട്രംപിന്‍റെ മക്കളായ എറിക് ട്രംപ്, ഡോണൾഡ് ട്രംപ് ജൂനിയർ എന്നിവർ പദ്ധതിയിടുന്നത്. ട്രംപ് ജൂനിയറിന്‍റെ സഹപാഠി കൂടിയായ കൽപേഷ് മേത്തയുമായി ഇക്കാര്യം ആലോചിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
നിലവിലുള്ള നഗരങ്ങൾക്ക് പുറമെ നോയിഡ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ട്രംപ് ടവറുകൾ നിർമ്മിക്കാനാണ് ആലോചന. പതിനയ്യായിരം കോടി രൂപ ഈ പുതിയ പദ്ധതികൾ വഴി സമാഹരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആദ്യ ട്രംപ് സർക്കാരിന്‍റെ കാലത്ത് ട്രംപ് കമ്പനിയുടെ പദ്ധതികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണം കിട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam