'പോയി മോദിയോട് ചോദിക്കാനാണ് ഭീകരവാദികൾ പറഞ്ഞത്, ഞങ്ങള്‍ ചോദിച്ചു'; ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി

Published : May 08, 2025, 01:00 PM IST
'പോയി മോദിയോട് ചോദിക്കാനാണ് ഭീകരവാദികൾ പറഞ്ഞത്, ഞങ്ങള്‍ ചോദിച്ചു'; ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി

Synopsis

'ഒന്നും ചെയ്യരുതേയെന്ന് ഭീകരരോട് ഞാൻ കേണപേക്ഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് പോയി മോദിയോട് പറയൂ എന്നാണ്. ഇന്ന് അതിനുള്ള മറുപടി മോദിജിയും ഇന്ത്യന്‍ സൈന്യവും കൊടുത്തു കഴിഞ്ഞു'.

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്യുകയാണ്. ഭീകരതയ്ക്ക് അവസാനം കുറിക്കണമെന്ന് ഹിമാൻഷി പറഞ്ഞു. പഹൽഗാമിൽ ഭർത്താവിനെയടക്കം കൊലപ്പെടുത്തിയ ശേഷം പോയി മോദിയോട് ചോദിക്കാനാണ് ഭീകരവാദികൾ പറഞ്ഞത്. ഇതാ ഞങ്ങള്‍ ചോദിച്ചു. ഈ ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരതയ്ക്ക് അവസാനം കുറയ്ക്കണമെന്നും ഹിമാൻഷി നർവാൾ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയുടെ അവസാനത്തിന്റെ തുടക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭീകരവാദത്തിന് രാജ്യം ശക്തമായ സന്ദേശമാണ് ഇന്ത്യയുടെ തിരിച്ചടിയെന്നും വാർത്താ ഏജൻസിയായ പിടിഐയോട് ഹിമാൻഷി പ്രതികരിച്ചു. 'എന്റെ ഭര്‍ത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനവും സാധാരണക്കാരുടെ ജീവനും സംരക്ഷിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. രാജ്യത്ത് വിദ്വേഷവും ഭീകരതയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുദിവസമായിട്ടേയുള്ളൂവെന്ന് അവരോട് കരഞ്ഞുപറഞ്ഞതാണ്. ഒന്നും ചെയ്യരുതേയെന്ന് ഭീകരരോട് ഞാൻ കേണപേക്ഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് പോയി മോദിയോട് പറയൂ എന്നാണ്. 

ഇന്ന് അതിനുള്ള മറുപടി മോദിജിയും ഇന്ത്യന്‍ സൈന്യവും കൊടുത്തു കഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പകരംചോദിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. പക്ഷേ വിനയ് അടക്കം 26 പേര്‍ നമുക്കൊപ്പമില്ലല്ലോ എന്ന വിഷമമുണ്ട്. തിരിച്ചടിച്ചതിൽ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഭീകരതയുടെ അവസാനത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.'- ഹിമാന്‍ഷി നര്‍വാള്‍ പറഞ്ഞു.

ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ച്ചയായിരുന്നു ഹിമാന്‍ഷിയുടെയും വിനയ്‌യുടെയും ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിനയ് കൊല്ലപ്പെട്ടത്. കൊച്ചി നേവൽ ബേസിലായിരുന്ന വിനയ് പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് വിവാഹ ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയത്. ഭീകരവാദികളുടെ വെടിയേറ്റുവീണ വിനയ്‌യുടെ മൃതദേഹത്തിനടുത്ത് നിര്‍വികാരയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രമായി മാറിയിരുന്നു.  

'ഇത് ഒരു തുടക്കം മാത്രമാണ്. മോദി ജി തുടങ്ങി വെച്ചത് അദ്ദേഹം തന്നെ അവസാനിപ്പിക്കും' എന്നായിരുന്നു പഹൽഗാമിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെ എന്നയാളുടെ ഭാര്യ പ്രഗതി ജഗ്ദാലെ പറഞ്ഞത്. അവസാനത്തെ ഭീകര ക്യാമ്പും ഇല്ലാതാക്കാതെ അദ്ദേഹം നിര്‍ത്തില്ല. ഭര്‍ത്താവിന്റെ ജീവൻ നഷ്ടപ്പെട്ടത് വെറുതെയാകില്ല എന്ന് എനിക്കും കുടുംബത്തിനും ബോധ്യമായി' പഹൽഗാമിൽ കൊല്ലപ്പെട്ട ശുഭം എന്നയാളുടെ ഭാര്യയായ അഷന്യ ദ്വിവേദി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ക്കൻ ശ്രമിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണിതെന്നും ഇന്ത്യയുടെ ഓപ്പറേഷന്റെ പേര് കേട്ട് കണ്ണുനിറഞ്ഞെന്നും കേന്ദ്രത്തിന് നന്ദിയെന്നും പ്രഗതി ജഗ്ദാലെ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല