
ദില്ലി: ദില്ലിയിലെ നരേലയിൽ അഞ്ചുവയസ്സുകാരനെ അച്ഛന്റെ ഡ്രൈവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡ്രൈവർ നിറ്റുവിനായി തിരച്ചിൽ തുടരുകയാണ്. കുട്ടിയുടെ മൃതശരീരം നിറ്റുവിന്റെ വാടക വീട്ടിൽ നിന്നും കണ്ടെടുത്തു. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛൻ പ്രതിയെ മുഖത്തടിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് 5 വസുകാരനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയായ നിറ്റുവിൻ്റെ വാടകമുറിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. നിറ്റു ഒളിവിലാണ് ഇയാളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 3:30 ന് കുട്ടി തട്ടിക്കൊണ്ടുപോയതായി നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ വിവരം നൽകിയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയതിനിടെ, സമീപത്തുള്ള ഡ്രൈവറുടെ വാടകമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഉടമയാണ് കുട്ടിയുടെ അച്ഛൻ. നിറ്റു, വസീം എന്നീ രണ്ട് ഡ്രൈവർമാരാണ് ഇയാൾക്കുള്ളത്. തിങ്കളാഴ്ച വൈകുന്നേരം മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും നീറ്റു വസീമിനെ മർദ്ദിക്കുകയും ചെയിരുന്നു. ഈ വിവരം ഉടമയെ അറിയിച്ചപ്പോൾ, അദ്ദേഹം ഇടപെട്ട് മോശമായി പെരുമാറിയതിന് നീറ്റുവിനെ മുഖത്തടിച്ചു. ഇതിൽ അപമാനിതനായ നീറ്റു ചൊവ്വാഴ്ച കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയി സ്വന്തം വാടകമുറിയിലെത്തിച്ച് ഇഷ്ടികയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് ഡിസിപി കൂട്ടിച്ചേർത്തു.