
അംറോഹ: മദ്യപിച്ച് ഫിറ്റായി യുവാവ് കാർ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട് യുവാവ്. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. വെള്ളിയാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം. ട്രാക്കിലൂടെ അൻപത് മീറ്ററിലേറെ ദൂരമാണ് യുവാവ് എസ് യു വി ഓടിച്ചുകൊണ്ട് പോയത്. ഇതിന് പിന്നാലെ പാളത്തിൽ നിന്ന് കാർ തെന്നിമാറിയതോടെയാണ് കാർ കുടുങ്ങിയത്.
മദ്യപിച്ച് ലക്കുകെട്ടിരുന്ന യുവാവിനെ ഏറെ നിർബന്ധിച്ച ശേഷമാണ് കാറിൽ നിന്ന് ഇറക്കാനായത്. വേഗത കൂടിപ്പോയെന്നും റോഡ് സൈഡിലായിപ്പോയെന്നുമാണ് യുവാവ് രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് പറഞ്ഞത്. കാർ നിൽക്കുന്നത് റെയിൽവേ ട്രാക്കിലാണെന്ന് ഏറെ പാടുപെട്ട് മനസിലാക്കിയ ശേഷമാണ് റെയിൽവേ പൊലീസിന് യുവാവിനെ കൈമാറിയത്. ഭിംപൂർ റെയിൽ വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. മൊറാദാബാദിൽ നിന്ന് വന്ന ദമ്പതികളുടെ കാറാണ് ട്രാക്കിൽ കയറിയത്.
ഇതേ സമയം ട്രാക്കിലൂടെ ട്രെയിനുകളൊന്നും ഇല്ലാത്തതിനാൽ മറ്റ് അപകടമൊന്നും സംഭവിച്ചില്ല. റെയിൽവേ ഗേറ്റിൽ നിന്ന് സന്ദേശം നൽകിയതിനാൽ ദില്ലിയിൽ നിന്ന് ഇതുവഴി വരുന്ന ട്രെയിൻ സമീപത്തെ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. ഇതിന് ശേഷം ഏറെ പണിപ്പെട്ടാണ് ദമ്പതികളുടെ കാർ ട്രാക്കിൽ നിന്ന് മാറ്റിയിട്ടത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം