ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: എതിര്‍പ്പുമായി ഇ ശ്രീധരന്‍

By Asianet MalayalamFirst Published Jun 14, 2019, 6:17 PM IST
Highlights

തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍.

ദില്ലി: ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ഡിഎംആര്‍സി ഉപദേഷ്ടാവായ ഇ ശ്രീധരന്‍റെ ഇടപെടല്‍. 

ആംആദ്മി പാര്‍ട്ടിയുടെ വനിത ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമെന്നോണമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്.മെട്രോയിലും, ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനത്തെ വലിയ കരഘോഷത്തോടെയാണ് ദില്ലി സ്വീകരിച്ചത്. എന്നാല്‍ ഈ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ദില്ലി മെട്രോയുടെ ശില്‍പിയും ഇപ്പോഴത്തെ ഉപദേഷ്ടാവുമായ ഇ ശ്രീധരന്‍റെ ഇടപടല്‍.

ഇക്കഴി‍ഞ്ഞ 10-നാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഡിഎംആര്‍,സിയില്‍ കേന്ദ്രത്തിനും, ദില്ലി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍.

ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത  ദില്ലി സര്‍ക്കാരിനുണ്ടാകും. മെട്രോയുടെ ഭാവി വികസനത്തിന് ഇത് തിരിച്ചടിയാവും. യാത്രാ നിരക്ക് കൂട്ടാനും  ഇടയാക്കും. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. ദില്ലി സര്‍ക്കാരിന്‍റെ വികസന നയങ്ങളെ നേരത്തെയും  ഇ.ശ്രീധരന്‍ വിമര്‍ശിച്ചിരുന്നു.

click me!