
ദില്ലി: ഉത്തർപ്രദേശിലെ മിൽകിപൂർ, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മിൽകിപൂറിൽ ബിജെപിയും ഇറോഡിൽ ഡിഎംകെയും ലീഡ് ചെയ്യുകയാണ്. ഉച്ചയ്ക്ക് 12 മണിക്ക് ഇലക്ഷൻ കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം മിൽകിപൂരിൽ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാൻ 34581 വോട്ടുകൾക്ക് മുന്നിലാണ്. ഈസ്റ്റ് ഈറോഡിലാകട്ടെ ഡിഎംകെ സ്ഥാനാർത്ഥി ചന്ദ്രകുമാർ വി സിക്ക് നിലവിൽ 24827 വോട്ടുകളുടെ ലീഡുണ്ട്.
ഈസ്റ്റ് ഈറോഡിൽ ആകെ 46 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഇവരിൽ 44 പേരും സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. ഡിഎംകെയുടെ വി സി ചന്ദ്രകുമാറും നാം തമിഴർ കച്ചി സ്ഥാനാർത്ഥി (എൻടികെ) എം കെ സീതാലക്ഷ്മിയും തമ്മിലാണ് പ്രധാന മത്സരം. എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പാർട്ടികൾ ഉപതിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചെങ്കിലും ഈറോഡ് ഈസ്റ്റിൽ 67.97 ശതമാനം പോളിങ് രേഖപ്പെടുത്തി. കോൺഗ്രസ് എംഎൽഎ ഇവികെഎസ് ഇളങ്കോവന്‍റെ മരണത്തെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്ന് വിജയിച്ച് സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ്, എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മിൽകിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണ 10 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിലും ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാനും സമാജ്‌വാദി പാർട്ടിയുടെ അജിത് പ്രസാദും തമ്മിലാണ് പ്രധാന മത്സരം. 65 ശതമാനമായിരുന്നു പോളിങ്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ജില്ലയിൽ ബിജെപി പരാജയപ്പെട്ട ഏക സീറ്റ് മിൽകിപൂർ ആയിരുന്നു. എന്നാൽ ഇത്തവണ ആ മണ്ഡലത്തിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം