
ചെന്നൈ: ചെന്നൈയിൽ കൈക്കൂലി കേസിൽ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് തമിഴ്നാട് വിജിലൻസ്. കൂടുതൽ ഇഡി ഉദ്യോഗസ്ഥരെ സംഭവത്തിൽ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവർത്തകർക്ക് ഉടൻ സമൻസ് അയക്കും. കേസ് സിബിഐക്ക് കൈമാറില്ലെന്നും സൂചനയുണ്ട്.
കൈക്കൂലി കേസിൽ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തമിഴ്നാട്ടിൽ അതിവേഗ നീക്കങ്ങൾ. അങ്കിത് തിവാരിയുമായി ബന്ധപ്പെട്ട കൂടുതൽ ഇടങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് വാർത്താക്കുറിപ്പ് ഇറക്കി. തൊട്ടു പിന്നാലെ ചെന്നൈയിലെ ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും സിആർപിഎഫ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. മേലുദ്യോഗസ്ഥർക്കും കൈക്കൂലിയുടെ വിഹിതം നൽകണമെന്ന് തിവാരി പറഞ്ഞതായി വിജിലൻസ് വാർത്തകുറിപ്പിൽ പരാമർശിച്ചു. തിവാരിയെ ഡിണ്ടിഗൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ടു തമിഴ്നാട്ടിൽ ഇഡി നീക്കം ശക്‌തം ആയിരിക്കെയാണ് മധുരയിൽ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ ആയത്. അതിനിടെ മണൽ വില്പന ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഡിണ്ടിഗൽ മധുര ദേശീയപാതയിൽ രാവിലെ 9 മണിക്കാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരി പിടിയിലായത്. ഡിണ്ടിഗൽ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴാണ് അറസ്റ്റ്. ഔദ്യോഗികവാഹനത്തിൽ ഇരുന്ന് 31 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി തിവാരിയെ അറസ്റ്റുചെയ്തു. പിന്നാലെ ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി സബ് സോണൽ ഓഫീസിലും പരിശോധനയും നടത്തി. അടുത്തിടെ ഇഡി റെയ്ഡ് നേരിട്ട മണൽ കോൺട്രാക്ടര്‍മാരോടും ഇയാളും മറ്റ് ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam