
ദില്ലി: ദില്ലിയിൽ ഇ ഡി നടത്തിയ പരിശോധനയിൽ 8. 80 കോടി രൂപയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി. 35 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച് രേഖകളും കണ്ടെത്തി. സർവ്വപ്രിയ വിഹാറിലെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കണ്ടെത്തിയത്. അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് പരിശോധന. ഇന്ദർജീത് സിങ് യാദവ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് പരിശോധന.പരിശോധന തുടരുകയാണ്. നോട്ടുകെട്ടുകൾ എണ്ണുന്നത് തുടരുകയാണെന്ന് ഇഡി അറിയിച്ചു. ഇതുവരെ എണ്ണിത്തീർത്ത കണക്കാണ് ഇ ഡി പുറത്തു വിട്ടത്.
ഇന്ദർജീത് നിലവിൽ യുഎഇയിൽ ആണെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇ ഡി റെയ്ഡ് നടത്തിയത്. സാമ്പത്തിക തർക്കങ്ങൾ നിയമവിരുദ്ധമായി പരിഹരിക്കുന്നതിലൂടെ വൻ കമ്മീഷൻ സമ്പാദിക്കൽ, കൊള്ളയടിക്കൽ, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ നിരവധി കേസുകൾ ഇന്ദർജീതിനെതിരെയുണ്ട്. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 15 ലധികം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ഇടയിലുള്ള വായ്പാ ഒത്തുതീർപ്പുകൾക്കായി യാദവ് ഒരു ഓൺലൈൻ പോർട്ടൽ പ്രവർത്തിപ്പിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഗായകൻ രാഹുൽ ഫാസിൽപുരിയയുടെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പ്, ഗുരുഗ്രാമിൽ ഫാസിൽപുരിയയുടെ സഹായി രോഹിത് ഷൗക്കീന്റെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാളുടെ പേര് ഉയർന്നുവന്നിട്ടുണ്ട്. യൂട്യൂബർ എൽവിഷ് യാദവിന്‍റെ വീടിന് പുറത്ത് നടന്ന വെടിവയ്പ്പുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam