
ഹൈദരാബാദ്: തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയും തക്കാളിയും എറിഞ്ഞു. ഭൂപാൽ പള്ളിയിൽ റാലിക്കിടെയാണ് അജ്ഞാതരായ സംഘം ഇദ്ദേഹത്തിന് നേരെ മുട്ടയെറിഞ്ഞത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ബിആർഎസ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷവും ചേരിതിരിഞ്ഞ് കല്ലേറുമുണ്ടായി. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. മൂന്ന് ബിആർഎസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
തെലങ്കാനയിൽ കോൺഗ്രസിന്റെ ഹാഥ് സേ ഹാഥ് ജോഡോ പദയാത്ര നടത്തുകയാണ് സംസ്ഥാന അധ്യക്ഷനായ രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധി തെക്ക് നിന്ന് വടക്കോട്ട് രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ പദയാത്രയുടെ ഭാഗമായുള്ളതാണ് സംസ്ഥാന തലത്തിൽ പിസിസി അധ്യക്ഷന്മാർ നയിക്കുന്ന ഈ യാത്ര. ഭൂപാൽ പള്ളിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രേവന്ത് റെഡ്ഡിക്ക് നേരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് പിന്നിൽ ബിആർഎസ് ആണെന്ന് പിന്നീട് രേവന്ത് റെഡ്ഡി ട്വീറ്റ് ചെയ്തു. തങ്ങൾക്ക് ബിആർഎസിനെ ഭയമില്ലെന്നും തങ്ങൾ കോൺഗ്രസിന്റെ പട്ടാളമാണെന്നും പറഞ്ഞ അദ്ദേഹം യാത്ര തുടരുമെന്നും വ്യക്തമാക്കി. പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam