രാജ്യത്ത് കൊവിഡ് കണക്ക് 8 ലക്ഷം കവിഞ്ഞു; ആകെ രോഗികളുടെ 30 ശതമാനം കഴിഞ്ഞ പത്ത് ദിവസത്തിനിടെ

By Web TeamFirst Published Jul 11, 2020, 12:26 PM IST
Highlights

കൊവിഡിനുള്ള മരുന്ന് ഈ വർഷം ജനങ്ങളിലെത്തിക്കുക പ്രായോഗികമല്ലെന്ന് കൗൺസിൽ ഓഫ് സയൻറിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ച് വ്യക്തമാക്കി

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതർ എട്ട് ലക്ഷത്തിലേക്ക് കടക്കുന്പോൾ കൂടുതൽ സംസ്ഥാനങ്ങളിലെ രോഗവ്യാപനം പ്രതിസന്ധിയാകുന്നു. ആകെ രോഗികളുടെ  മുപ്പത് ശതമാനവും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് റിപ്പോർട്ട് ചെയ്തത്. മഹാനഗരങ്ങളിലെ രോഗവ്യാപനം പിടിച്ചടക്കാനായാൽ രാജ്യത്ത് സ്ഥിതി  നിയന്ത്രണവിധേയമാക്കാനാകും എന്നായിരുന്നു ഇത് വരെയുള്ള വിലയിരുത്തൽ. എന്നാൽ രോഗ വ്യാപനം നിയന്ത്രണ വിധേയമല്ലാത്തത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. 

ലോക്ഡൗണിൽ രണ്ടാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്ന ജൂലൈ ഒന്ന് മുതൽ കൂടുതൽ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. കർണ്ണാടകയിൽ പ്രതിദിന രോഗബാധ തുടർച്ചയായി രണ്ടായിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലങ്കാന, ഉത്ത‍ർപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിൽ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗവ്യാപനം കുറവായിരുന്ന ബിഹാർ, ഒഡീഷ, അസം എന്നിവിടങ്ങളിൽ പ്രതിദിന രോഗബാധ അഞ്ഞൂറ് കടന്നു. 

അതേ സമയം കൊവിഡിനുള്ള മരുന്ന് ഈ വർഷം ജനങ്ങളിലെത്തിക്കുക പ്രായോഗികമല്ലെന്ന് കൗൺസിൽ ഓഫ് സയൻറിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ച് വ്യക്തമാക്കി. പാർലമെന്റിൻറെ ശാസ്ത്ര സാങ്കേതിക മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ച് ചേർത്ത യോഗത്തിലാണ് കൊവിഡ് വാക്സിൻ അടുത്ത വർഷം മാത്രമേ ജനങ്ങളിലെത്തിക്കാനാവൂ എന്ന് സിഎസ്ഐആ‌‌ർ അറിയിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചതോ മറ്റ് രാജ്യങ്ങളിൽ വികസിപ്പിച്ച് ഇന്ത്യയിൽ തയ്യാറാക്കുന്നതോ ആയ മരുന്നാവും ലഭ്യമാകുക എന്ന് സിഎസ്ഐആ‍ർ വ്യക്തമാക്കി.

നേരത്തേ ആഗസ്റ്റ് പതിനഞ്ചോടെ കൊവിഡ് വാക്സിൻ ജനങ്ങളിലെത്തിക്കണമെന്ന്   ഐസിഎംആർ നി‍ദ്ദേശിച്ചത് വലിയ വിമ‍ർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേ സമയം സോറിയാസിസിനുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി. ഗുരുതര ശ്വാസകോശപ്രശ്നങ്ങളുള്ള രോഗികൾക്ക് സോറിയാസിസ് ചികിത്സയിൽ ഉപയോഗിക്കുന്ന ഐറ്റൊലൈസുമാബ് ചെറിയ തോതിൽ നൽകാമെന്ന നിർദ്ദേശത്തിനാണ് അനുമതി. 

click me!