
മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ തെറ്റിപ്പിരിഞ്ഞ് ബിജെപിയും ശിവസേനയും (ഏക്നാഥ് ഷിൻഡെ വിഭാഗം). വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മഹാരാഷ്ട്രയിലെ മഹായുതി ഭരണ സഖ്യത്തിൽ വിള്ളലുകളുണ്ടായത്. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പോരാടിയതിന് ശേഷം പാൽഘർ, ദഹാനു മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും പരസ്പരം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദഹാനുവിൽ നടന്ന ഒരു യോഗത്തിൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ബിജെപിക്കെതിരെ പരാമർശം നടത്തി. ദഹാനുവിൽ, അഹങ്കാരത്തിനും കുത്തക ഭരണത്തിനും എതിരെ നമ്മൾ ഒന്നിക്കണം. രാവണന് അഹങ്കാരമുണ്ടായിരുന്നു, പക്ഷേ അവന്റെ ലങ്ക കത്തിനശിച്ചു. ഡിസംബർ 2 ന് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതും അതാണ്. താലൂക്കിലെ അഴിമതി അവസാനിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു.
ഈ താലൂക്ക് വർഷങ്ങളായി പിന്നാക്കം നിൽക്കുകയാണ്, ഞങ്ങൾ അതിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ പോകുന്നു. ദഹാനുവിൽ വ്യവസായങ്ങൾ വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മുൻഗണന നൽകി പരിഹരിക്കും. മലിനീകരണ രഹിത വ്യവസായ നയം നടപ്പിലാക്കുന്നതിലൂടെയും ഭവന നിർമ്മാണത്തിലൂടെ പദ്ധതികൾ സ്ഥാപിക്കുന്നതിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഷിൻഡെ വാഗ്ദാനം ചെയ്തു.
പിന്നെലെ ബിജെപി സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണം നടത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തി. ബിജെപി ഭഗവാൻ ശ്രീരാമനിൽ വിശ്വസിക്കുന്നുവെന്ന് ഫഡ്നവിസ് പറഞ്ഞു. ലങ്ക കത്തിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ അവഗണിക്കുക. കാരണം നമ്മൾ ലങ്കയിൽ താമസിക്കുന്നില്ല. നമ്മൾ രാമന്റെ അനുയായികളാണ്, രാവണന്റെയല്ല. അതുകൊണ്ട്, ലങ്ക കത്തിക്കുന്ന ജോലി ഞങ്ങൾ ചെയ്യുമെന്ന് ഫഡ്‌നാവിസ് മറുപടി നൽകി.
ബിജെപി അടുത്തിടെ ശിവസേനയുടെ നിരവധി കോർപ്പറേറ്റർമാരെയും ഭാരവാഹികളെയും ചാക്കിട്ടുപിടിക്കുന്നുവെന്ന് ശിവസേന ആരോപിച്ചിരുന്നു. ഷിൻഡെയുടെ മകൻ എംപി ശ്രീകാന്ത് ഷിൻഡെയും മറ്റ് മന്ത്രിമാരും ഇതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ്, ഏക്‌നാഥ് ഷിൻഡെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാനെ കുറിച്ച് അദ്ദേഹം പരാതിപ്പെട്ടതായി പറയുന്നു. തങ്ങളുടെ പ്രവർത്തകരെയും ഭാരവാഹികളെയും പരിപാലിക്കേണ്ടത് ഓരോ പാർട്ടിയുടെയും കടമയാണെന്ന് അമിത് ഷാ മറുപടി നൽകി.