
ദില്ലി: വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്ത ഫുൾ കമ്മീഷൻ യോഗത്തിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കി. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എസ്ഐആറിനൊപ്പമുള്ള ഫോം 6 ൽ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഫോം 6-ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീം കോടതി ശരിവെച്ചതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. എന്നാൽ എസ്ഐആർ കാലയളവിന് പുറത്ത് 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്ന് കമ്മീഷൻ വിശദീകരിക്കുന്നു.
ഇസിഐ നെറ്റ് സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ ചില വിശദീകരണങ്ങൾ നൽകി. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധർ ഉൾപ്പെട്ട സമിതി ഇസിഐ നെറ്റിലെ മാറ്റങ്ങൾ വേണോയെന്ന് പരിശോധിക്കും. വോട്ടർ പട്ടിക ഡാറ്റാ ബേസിന്‍റെ സുരക്ഷയും ഇസിഐ നെറ്റ് പോർട്ടലിന്‍റെ പ്രവർത്തനവും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള പാനലിൽ ഐഐടിയിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തും.
ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ കുറിച്ചും വാർത്താക്കുറിപ്പിൽ പരാമർശമുണ്ട്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 പേരിൽ 81 പേരുടെ വീട്ടിൽ പോയി ബിഎൽഒമാർ ഫോം ശേഖരിച്ചു ഫയൽ ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.
പാവപ്പെട്ടവർ, ഷെൽട്ടറുകളിൽ കഴിയുന്നവർ, തൊഴിലാളികൾ, വീടില്ലാത്തവർ മുതലായവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും പ്രത്യേക ക്യാമ്പുകളും തീരുമാനമായി. ദില്ലിയിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച് വലിയ പരാതി ഉയർന്നിരുന്നു. മൂന്നിലൊന്ന് പേർക്കും നോട്ടീസ് ലഭിച്ചു. എന്നാൽ നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തീരുമാനമായി. ബിഎൽഒമാർ വീട്ടിലെത്തി ഹിയറിംഗ് നടക്കും. അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിംഗ് നടത്തും. കരട് വോട്ടർ പട്ടികയിൽ പരാതി ഉന്നയിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. എസ്ഐആറിലെ തീരുമാനങ്ങൾ ഏകകണ്ഠമാണെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ ആവർത്തിക്കുമ്പോഴും, കമ്മീഷനിൽ നേരത്തെ ഭിന്നത ഉണ്ടായിരുന്നുവെന്ന് ഇന്നത്തെ യോഗ തീരുമാനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam