എക്സിറ്റ് പോള്‍ പ്രവചനം ജ്യോതിഷികള്‍ക്കും വിദഗ്ധര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web TeamFirst Published Oct 16, 2020, 1:27 PM IST
Highlights

28 ഒക്ടോബര്‍ രാവിലെ ഏഴുമുതല്‍ നവംബര്‍ 7 വൈകീട്ട് 6.30 വരെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും പാടില്ലെന്നും കമ്മീഷന്‍.  മാധ്യമങ്ങളിലടക്കം കവടി നിർത്തിയും ജാതകം നോക്കിയും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: എക്സിറ്റ് പോളുകള്‍ നിരോധിച്ചിരിക്കുന്ന സമയത്ത് യാതൊരു രീതിയിലുള്ള എക്സിറ്റ് പോളുകളും പ്രവചനങ്ങളും നടത്തരുതെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാധ്യമങ്ങളിലടക്കം കവടി നിർത്തിയും ജാതകം നോക്കിയും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കി. ബിഹാറിലെ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. 28 ഒക്ടോബര്‍ രാവിലെ ഏഴുമുതല്‍ നവംബര്‍ 7 വൈകീട്ട് 6.30 വരെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. 

ഒക്ടോബര്‍ 28, നവംബര്‍3, നവംബര്‍ ഏഴിനുമാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പ് വരുത്താനും വോട്ടര്‍മാരുടെ തീരുമാനങ്ങളെ പ്രവചനങ്ങള്‍ സ്വാധീനിക്കാതിരിക്കാനുമാണ് നിരോധനം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുന്നതിന് എല്ലാ രീതിയിലുള്ള മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. 

തെരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് ജ്യോതിഷികള്‍, പ്രവചനക്കാര്‍, രാഷ്ട്രീയ വിദഗ്ധര്‍ എന്നിവരടക്കമുള്ളവരുടെ പ്രവചനം നടത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമാണ്. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും ഇത്തരം പ്രവചന സ്വഭാവമുള്ള പരിപാടികളും സംപ്രേക്ഷണം ചെയ്യാനും പാടില്ലെന്നും കമ്മീഷന്‍ വിശദമാക്കുന്നു. 2017 മാര്‍ച്ചിലാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിറ്റ് പോളുകളെ ആദ്യമായി വിലക്കിയതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍റെ തീരുമാനം. 
 

click me!