Latest Videos

'ആശയക്കുഴപ്പമുണ്ടാക്കാനുള്ള ബോധപൂർവ്വ ശ്രമം' പോളിങ് ശതമാന കണക്കിലെ പരാമർശത്തിൽ ഖർഗെയ്ക്കെതിരെ തെര. കമ്മീഷൻ

By Web TeamFirst Published May 10, 2024, 6:47 PM IST
Highlights

റിലീസ് വൈകിയെന്ന കോൺഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസി നൽകിയ മറുപടി കത്തിൽ പറയുന്നത്. 

ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ നല്‍കിയത് വൈകിയാണെന്നടക്കമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് വിവരങ്ങൾ തത്സമയം ലഭ്യമാണ് എന്നതിനാൽ, അതിന്റെ റിലീസ് വൈകിയെന്ന കോൺഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസി നൽകിയ മറുപടി കത്തിൽ പറയുന്നത്. 

വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ടതിനെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം ആശയക്കുഴപ്പം സൃഷ്ടിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയിൽ ആശയക്കുഴപ്പം പരത്താനുള്ള പക്ഷപാതപരവും ആസൂത്രിതവുമായ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകൾ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

മൂന്നാംഘട്ട ലോക്സഭ തെര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍  ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കിയില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയത്. രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവും പോളിങ് കണക്കുകള്‍ നല്‍കി. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം.  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങള്‍ കൈമാറുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തിയിരുന്നു. 

പോളിങ് വിവരങ്ങൾ തത്സമയം ലഭ്യമാണ് എന്നതിനാൽ, അതിന്റെ റിലീസ് വൈകിയെന്ന കോൺഗ്രസ് ആരോപണം അസംബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി കത്തിൽ പറഞ്ഞു. അന്തിമ പോളിംഗ് വിവരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട്, ഫോം 17 സി വഴി കോൺഗ്രസിന്റേയോ ഇന്ത്യ സഖ്യത്തിന്റെയോ ഒരു സ്ഥാനാർത്ഥിയും ആവശ്യം ഉന്നയിച്ചിട്ടില്ല. ഈ ആരോപണം ഖർഗെ സ്വന്തം നിലയ്ക്ക് ഉന്നയിച്ചതാണ്. പോളിങ് വിവരങ്ങൾ പ്രസ്സ് മുഖേന റിലീസ് ചെയ്യാൻ കാലതാമസം ഉണ്ടായിട്ടില്ല. 

മൊത്തത്തിലുള്ള ഏകീകൃത വിവരങ്ങളിൽ അസാധാരണമായ ഒരു പുനരവലോകനം നടത്തിയിട്ടില്ലെന്നും മുൻ കാല തെരഞ്ഞെടുപ്പ് വിവരങ്ങൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. 2023ലെ കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള സുർജേവാല സമാനമായി ഇസിക്കെതിരെ ഒരു ആരോപണം കെട്ടിച്ചമച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓർമിപ്പിച്ചു.  തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു ദേശീയ പാർട്ടിയുടെ അധ്യക്ഷനായ ഖാർഗെയ്ക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ തന്നെ സംശയം തോന്നരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിൽ ഓർമിപ്പിച്ചു. 

മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ ഈ തെരഞ്ഞെടുപ്പിലും മണ്ഡലങ്ങളിലെ കണക്കുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃണമൂൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. മണ്ഡലങ്ങളില്‍ എത്ര പേർ വോട്ട് ചെയ്തുവെന്ന വിവരമില്ലെന്നും എന്തുകൊണ്ട് കണക്കുകള്‍ വൈകുന്നുവെന്നതിന് വിശദീകരണം നല്‍കണമെന്നും ടിഎംസി ആവശ്യപ്പെട്ടു. വിഷയത്തില്‍ കമ്മീഷനെ വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി, ഒരു മുൻസിപ്പാലിറ്റി അംഗത്തെയും 2 പഞ്ചായത്ത് അംഗങ്ങളെയും അയോഗ്യരാക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!