
ദില്ലി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഇത്തരം ഒരു നീക്കത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടത്താന്‍ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ. പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാവിധത്തിലും തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചു.
ഇതിന് വേണ്ട എല്ലാതരത്തിലുള്ള നിയമ ഭേദഗതികള്‍ വരുത്തിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണ് സുനില്‍ അറോറ പറയുന്നു. നവംബര്‍ മാസത്തിലാണ് ഒരു ഇന്ത്യ, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണം എന്ന കാര്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. വിവിധ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളില്‍ നടക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന കാര്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
അതിനാല്‍ തന്നെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ കാര്യമായ പഠനം ആവശ്യമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച പ്രസ്താവന. പുതിയ സംവിധാനം നടപ്പിലാക്കുന്നതില്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ഏജന്‍സി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രസ്താവന നിര്‍ണ്ണായകമാണ്.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുക എന്നത് പുതിയ ആശയമല്ല പലപ്പോഴും ചര്‍ച്ചയില്‍ വന്നിട്ടുള്ള കാര്യമാണ്. 2015ല്‍ ഇഎം സുദര്‍ശന്‍ നാച്ചിയപ്പന്‍ നേതൃത്വം നല്‍കിയ പാര്‍ലമെന്‍റ് കമ്മിറ്റി ഇത്തരത്തിലുള്ള ഒരു നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 2018ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് പ്രയോഗികമായ ഒരു ആശയമല്ല എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. അതേ സമയം പ്രധാനമന്ത്രി ഈ ആശയം മുന്നോട്ട് വയ്ക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തതോടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമീപ ദിവസങ്ങളില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയായി മാറിയേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam