ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു

By Web TeamFirst Published May 3, 2019, 10:55 AM IST
Highlights

കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുൾ കമാൻഡറാണ്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കുണ്ട്

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. ബുർഹാൻ വാണിയുടെ സംഘത്തിലെ കമാൻഡർമാരാണ് കൊല്ലപ്പെട്ടതെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരിക്കേറ്റു.

ഷോപ്പിയാനിൽ സൈന്യവും പൊലീസും നടത്തിയ സംയുക്ത പരിശോധനക്കിടെയാണ് രാവിലെ ഇമാം സാഹിബ് മേഖലയിൽ ഭീകരരുടെ ഒളിയിടം കണ്ടെത്തിയത്. സൈന്യം മേഖല വളഞ്ഞതോടെ ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ടത്. ബുർഹാൻ വാണിയുടെ ഭീകര സംഘത്തിലെ അവശേഷിക്കുന്ന കമാൻഡർമാരായ ലത്തിൽ ടൈഗറും, തരുൺ മൗലവിയുമാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 

അടുത്ത ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകൂടിയായ ഷോപ്പിയാനിൽ സുരക്ഷ കർശനമാക്കിയതിന്റെ ഭാഗമായാണ് സൈന്യവും പൊലീസും പരിശോധന ശക്തമാക്കിയത്. മേഖലയാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രദേശത്തെ ഇന്‍റർനെറ്റഅ വിച്ഛേദിച്ചു. കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു. കൂടുതൽ സൈനികരേയും വിന്യസിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!