'കെജ്രിവാളും മദ്യവ്യവസായിയും ചര്‍ച്ച നടത്തി, ഉപയോഗിച്ചത് വിജയ് നായരുടെ ഫോണ്‍', ഇഡി

By Web TeamFirst Published Feb 2, 2023, 5:47 PM IST
Highlights

വിജയ് നായരുടെ ഫോണിലെ ഫേസ്ടൈം ആപ്പിലൂടെയാണ് വിഡിയോ കോൾ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിജയ് നായർ തന്‍റെ സ്വന്തം ആളാണെന്നും ധൈര്യമായി മുന്നോട്ട് പോകാനും വ്യവസായിയോട് കെജ്രിവാൾ പറഞ്ഞെന്നും ഇഡി ആരോപിക്കുന്നു. 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മദ്യവ്യവസായിയുമായി ഫോണിലൂടെ ചർച്ച നടത്തിയെന്ന് ഇഡി കുറ്റപത്രം. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോൾ വഴി ചർച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ് നായരാണെന്നും ദില്ലി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നു. വിവാദമായ മദ്യനയ കേസിൽ ആരോപണ വിധേയനായ ഇൻഡോ സ്‍പിരിറ്റ് എംഡി സമീർ മഹേന്ദ്രുവുമായി കെജ്രിവാള്‍ വീഡിയോ കോളിലൂടെ ചർച്ച നടത്തിയെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. വിജയ് നായരാണ് ഇരുവരെയും ബന്ധപ്പെടുത്തിയത്. 

വിജയ് നായരുടെ ഫോണിലെ ഫേസ്ടൈം ആപ്പിലൂടെയാണ് വിഡിയോ കോൾ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിജയ് നായർ തന്‍റെ സ്വന്തം ആളാണെന്നും ധൈര്യമായി മുന്നോട്ട് പോകാനും വ്യവസായിയോട് കെജ്രിവാൾ പറഞ്ഞെന്നും ഇഡി ആരോപിക്കുന്നു. ആംആദ്മി പാർട്ടി നേതാക്കൾക്ക് വേണ്ടി വിജയ് നായർ നൂറുകോടി രൂപ സൗത്ത് ഗ്രൂപ്പിൽ നിന്നും കൈപ്പറ്റിയെന്നും പാർട്ടി ഈ പണം ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ഇഡി ആരോപിക്കുന്നു. 

തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് എംഎൽസിയുമായ കവിത കാൽവകുന്തള, ആന്ധ്രപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് എംപിയായ ശ്രീനിവാസലു റെഡ്ഡി എന്നിവരുൾപ്പെടുന്നതാണ് സൗത്ത് ഗ്രൂപ്പെന്നും കുറ്റപത്രത്തിലുണ്ട്. അഞ്ചുപേരെ പ്രതി ചേർത്ത് ദില്ലി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇഡിയുടെ കണ്ടെത്തലുകൾ, കുറ്റപത്രത്തിന്‍റെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കേസ് ഈ മാസം 23 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നവംബറിലാണ് കേസില്‍ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. അതേസമയം ഇഡിയുടെ കേസുകളെല്ലാം കെട്ടുകഥയാണെന്ന് കെജ്രിവാൾ പ്രതികരിച്ചു. സർക്കാരുകളെ വീഴ്ത്താന്‍ മാത്രമാണ് ഇഡിയെ ഉപയോഗിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. നേരത്തെ സിബിഐയും കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുളളവരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. 
 

click me!