
മുംബൈ: മുടിയൊന്നാകെ കൊഴിഞ്ഞു പോകുന്നെന്ന പരാതിയുമായി നിരവധിപ്പേർ ചികിത്സ തേടിയതോടെ പരിശോധന തുടങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലുള്ള ആരോഗ്യ വകുപ്പ് അധികൃതർ. മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള അനേകം പേർ ആശുപത്രികളിലെത്തി. ഗ്രാമവാസികളുടെ മുടിയുടെയും ത്വക്കിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ വെള്ളം ഉൾപ്പെടെ പരിശോധിക്കുന്നുമുണ്ട്.
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിൽ താമസിക്കുന്ന നിരവധി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ അവസ്ഥ അനുഭവിക്കുന്നതായി പറയുന്നു. മുടികൊഴിച്ചിൽ തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് തലയിൽ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നു. വെറുതെയൊന്ന് തൊടുമ്പോഴും, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴും മുടി ഒന്നാകെ കൊഴിഞ്ഞുവീഴുന്നത് മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ നിരവധിപ്പേർ കാണിച്ചുകൊടുത്തു. തലയിൽ ചില ഭാഗങ്ങളിൽ മാത്രം മുടി പൂർണമായി കൊഴിഞ്ഞു പോയവരുമുണ്ട്.
ഭയന്നു പോയ ഗ്രാമവാസികളിൽ നിരവധിപ്പേർ ചികിത്സ തേടിയതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. നിലവിൽ അൻപതോളം പേരെയാണ് പ്രശ്നങ്ങളുമായി കണ്ടെത്തിയിരിക്കുന്നതെങ്കിലും കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. ഇവരിൽ നിന്ന് മുടിയുടെയും തലയിലെ ത്വക്കിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
പ്രദേശത്തെ ജല സ്രോതസുകളിൽ ഉണ്ടായേക്കാവുന്ന മലിനീകരണമാണ് പ്രശ്നത്തിന് കാരണമെന്ന് കരുതുന്നതായി ഡോക്ടർമാർ പറയുന്നു. വളങ്ങളും മറ്റും അമിതമായ അളവിൽ വെള്ളത്തിൽ കലർന്നതു കൊണ്ടാവും ഇത് സംഭവിച്ചതെന്നും കരുതപ്പെടുന്നു. പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതു വരെ കൃത്യമായി ഒന്നും പറയാനാവാത്ത സ്ഥിതിയുണ്ട്. ആരോഗ്യം സംരക്ഷിക്കണമെന്ന പൊതു നിർദേശമാണ് ഡോക്ടർമാർ ഗ്രാമീണർക്ക് നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam