
ദില്ലി: ഹണി ട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ നേരില്‍ കാണുമ്പോള്‍ അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ചാരവനിതയ്ക്ക് കാണിച്ച് നല്‍കാമെന്ന് വിശദമാക്കിയതായി ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ട്. സാറ ദാസ്ഗുപ്ത എന്ന പേരില്‍ ഡിആർഡിഒ ശാസ്ത്രഞൻ ഹണി ട്രാപ്പില്‍ പെടുത്തിയ ചാരവനിതയോട് വാട്ട്സ് ആപ്പ് ചാറ്റ് സുരക്ഷിതമല്ലെന്ന് വിശദമാക്കിയാണ് പ്രദീപ് കുരുൽക്കര്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയതെന്നാണ് പൂനെ പ്രത്യേക കോടതയില്‍ എടിഎസ് സമര്‍പ്പിച്ച കുറ്റപത്രം വിശദമാക്കുന്നത്. കൈമാറാനൊരുങ്ങിയ വിവരത്തിന്‍റെ രഹസ്യ സ്വഭാവത്തേക്കുറിച്ച് പ്രദീപിന് ബോധ്യമുണ്ടെന്ന് വിശദമാക്കിക്കൊണ്ടാണ് എടിഎസ് ഇക്കാര്യം കുറ്റപത്രത്തില്‍ വിശദമാക്കിയിട്ടുള്ളത്.
ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാള്‍ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാര വനിത നൽകിയ സോഫ്റ്റ്‍വെയറുകള്‍ കുരുൽക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. 1837 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെ എടിഎസിന് പരാതി ലഭിക്കുകയായിരുന്നു. അറുപത് വയസുകാരനായ കുരുൽക്കർ യുവതിയോട് അടുപ്പം സ്ഥാപിക്കുന്നതിന് വേണ്ടി നിര്‍ണായകമായ വിവരങ്ങള്‍ അവര്‍ക്ക് കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുകെയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാര വനിത അടുപ്പം സ്ഥാപിച്ചത്. തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് കുരുല്‍ക്കറുമായി യുവതി അടുപ്പം സ്ഥാപിച്ചു. മെറ്റിയോര്‍ മിസൈല്‍, ബ്രഹ്‍മോസ് മിസൈല്‍, റഫാല്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്നി - 6 മിസൈല്‍ ലോഞ്ചര്‍ എന്നിവയെക്കുറിച്ചെല്ലാം ഇയാള്‍ ചാര വനിതയ്ക്ക് വിവരങ്ങള്‍ നല്‍കി. ഇതിന് പുറമെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി. രാജ്യസുരക്ഷ സംബന്ധിക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ പോലും തമാശ രൂപത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയോട് പങ്കുവെച്ചിരുന്നത്. നിര്‍ണായകമായ പല വിവരങ്ങളും യുവതി ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാം.
യുവതി മൂന്ന് ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ച് വിശ്വാസ്യത കൂട്ടാനായി അവയുടെ പാസ്‍വേഡ് കുരുൽക്കറിന് കൈമാറി. രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നിര്‍ബദ്ധിച്ചു. കുരുൽക്കർ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. ഇതിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ നിക്ഷേപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറ്റപത്രം പറയുന്നു. ചാര വനിതയുമായുള്ള അടുപ്പം ദൃഢമായ ശേഷം ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ഇയാള്‍ യുവതിയുമായി പങ്കുവെയ്ക്കുമായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി. ഇയാളുടെ ജോലി സ്ഥലവും സൈന്യത്തിന് വേണ്ടി ഇയാളുടെ കമ്പനി നിര്‍മിച്ചു നല്‍കുന്ന സാധനങ്ങളുടെ വിവരങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും പാകിസ്ഥാനില്‍ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam