
ദില്ലി: രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ മാർഷൽമാരെ കയ്യേറ്റം ചെയ്തെന്ന പരാതി രാജ്യസഭ എത്തിക്സ് കമ്മിറ്റി ആന്വേഷിക്കും. എത്തിക്സ് കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരും. രാജ്യസഭയിലെ സംഘർഷത്തിൽ എംപിമാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് രാജ്യസഭ സെക്രട്ടേറിയറ്റ് ഇന്നലെ തയ്യാറാക്കിയത്. എളമരം കരീം മാർഷലുമാരുടെ കഴുത്തിന് പിടിച്ചെന്നും ബിനോയ് വിശ്വം പിടിച്ചുതള്ളിയെന്നും റിപ്പോർട്ട് പറയുന്നു.
നടപടി ഉണ്ടാകും എന്ന സൂചനകൾ വരുമ്പോഴാണ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ബിജെപി അധ്യക്ഷനായ എസ്പി ശുക്ളയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ വിവിധ പാർട്ടികളിലെ 10 അംഗങ്ങളാണ് ഉള്ളത്. കമ്മിറ്റിയുടെ യോഗം ഇന്ന് ചേരുമെന്ന് അംഗങ്ങളെ അറിയിച്ചത് രാവിലെയാണ്. യോഗം അടിയന്തരമായി തീരുമാനിച്ചതിനെ എതിർത്ത് പ്രതിപക്ഷം രംഗത്തു വന്നു.
മാർഷൽമാർ തയ്യാറാക്കിയ റിപ്പോർട്ട് കള്ളക്കഥയെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. വിഷയം സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. പെഗാസസ് വിഷയം പുറത്ത് സജീവമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുമ്പോഴാണ് ഈ നീക്കം. അംഗങ്ങളുടെ വിശദീകരണം കേട്ട ശേഷമേ എത്തിക്സ് കമ്മിറ്റിക്ക് നടപടി എടുക്കാനാവു. അതിനാൽ കമ്മിറ്റിയുടെ തീരുമാനം വൈകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.