
ന്യൂഡൽഹി: വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇറ്റലിയിലെ മിലാനിൽ നിന്നെത്തിയതായിരുന്നു ഇരുവരും. എവിടേക്ക് കൊണ്ടുപോകാനാണ് സ്വർണം കൊണ്ടുവന്നതെന്നത് ഉൾപ്പെടെ വിശദമായി അന്വേഷിക്കുകയാണ് അധികൃതർ.
ജമ്മു കശ്മീർ സ്വദേശികളായ രണ്ട് പേരെയും വന്നിറങ്ങിയതു മുതൽ രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയായിരുന്നു. ബാഗുകൾ പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നും അതിലുണ്ടായിരുന്നില്ല. പിന്നീട് ഇവരെ വിശദമായി ദേഹപരിശോധന നടത്തിയപ്പോഴാണ് രണ്ട് പേരും പ്രത്യേകമായി രൂപകൽപന ചെയ്ത ബെൽറ്റാണ് ധരിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്.
ബെൽറ്റ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണ നാണയങ്ങൾ. ഓരോന്നായി പുറത്തെടുത്ത് പരിശോധിച്ചപ്പോൾ അഞ്ച് കിലോയിലധികം തൂക്കമുണ്ടായിരുന്നു ഓരോരുത്തരുടെയും ബെൽറ്റുകളിൽ. ആകെ 10.092 കിലോഗ്രാം സ്വർണ നാണയങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് പിന്നീട് ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്വർണം എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ഇന്ത്യയിൽ എവിടേക്കാണ് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam