
ദില്ലി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടും. സർക്കാരും വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നുണ്ടെങ്കിലും ചർച്ച എപ്പോൾ, ഏത് രീതിയിൽ നടത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് സഭാ നടപടികൾ ഇന്നും സ്തംഭിക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam