യുദ്ധം അവസാനിച്ചാലും രക്ഷയില്ല, ലോകം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ദർ; എണ്ണവില 200 ഡോളറാകുമോ?

Published : May 09, 2026, 11:47 AM IST
Crude Oil Surge

Synopsis

മിഡില്‍ ഈസ്റ്റിലെ യുദ്ധം ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തടഞ്ഞത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ഇത് 2008-ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ ആഘാതത്തിന് കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

മിഡില്‍ ഈസ്റ്റിലെ യുദ്ധം ആഗോള വിപണിയുടെ താളം തെറ്റിച്ചതോടെ എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പെട്രോള്‍ പമ്പുകളിലെ വിലവര്‍ധന മുതല്‍ സാധാരണക്കാരന്റെ അടുക്കളയിലെ പലചരക്ക് ബില്ലുകളില്‍ വരെ ഇതിന്റെ ആഘാതം കണ്ടുതുടങ്ങി. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത് 'ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി' എന്നാണ്.

ബാരലിന് 200 ഡോളര്‍ കടക്കുമോ?

നിലവില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. എന്നാല്‍ വരാനിരിക്കുന്ന മാസങ്ങളില്‍ ഇത് ഭയാനകമായ നിലയിലേക്ക് ഉയര്‍ന്നേക്കാം:

ഡള്ളാസ് ഫെഡറല്‍ റിസര്‍വ് ബാങ്ക്: ഹോര്‍മുസ് കടലിടുക്ക് സെപ്റ്റംബര്‍ വരെ അടഞ്ഞുകിടന്നാല്‍ വില 167 ഡോളര്‍ കടക്കും.

മക്വാറി ഗ്രൂപ്പ് (ഓസ്ട്രേലിയന്‍ ബാങ്ക്): ജൂണ്‍ വരെ സംഘര്‍ഷം തുടര്‍ന്നാല്‍ വില 200 ഡോളര്‍ (ഏകദേശം 16,800 രൂപ) വരെ ഉയരാന്‍ 29% സാധ്യതയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തെ എണ്ണ വിതരണത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖല യുദ്ധക്കളമായത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും, ഇറാനിയന്‍ ബോട്ടുകളെ തകര്‍ത്തെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

സാമ്പത്തിക ആഘാതം ഇങ്ങനെ:

എണ്ണവില കൂടുന്നത് വെറും ഇന്ധന പ്രതിസന്ധി മാത്രമല്ല, അത് ലോക സമ്പദ്വ്യവസ്ഥയെ തന്നെ തകിടം മറിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ആഗോള വ്യാപാര വളര്‍ച്ചയില്‍ 1.75 ശതമാനത്തിന്റെ ഇടിവുണ്ടായേക്കാമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതും ഇന്ധനവില കൂടുന്നതും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും.സാധാരണക്കാരനാണ് വലയി തിരിച്ചടിയുണ്ടാകുക. 2008-ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ ആഘാതമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണഫലം വിപണിയില്‍ ദൃശ്യമാകാന്‍ 19 മാസത്തോളം എടുത്തേക്കാം.

യുദ്ധം അവസാനിച്ചാലും രക്ഷയുണ്ടോ?

യുദ്ധം അവസാനിച്ചാല്‍ പോലും ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നില്ലെങ്കില്‍ എണ്ണവില താഴാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹോര്‍മുസിലെ കുരുക്ക് അഴിയുന്നത് വരെ ലോകം വലിയൊരു സാമ്പത്തിക അനിശ്ചിതത്വത്തിന്റെ നിഴലിലായിരിക്കും. വരും ദിവസങ്ങളിലെ ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളുമാകും ലോകത്തിന്റെ ഭാവി തീരുമാനിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളഹൗസിൽ വി ഡി സതീശന് സ്വീകരണം നൽകിയ സംഭവം; സണ്ണി ജോസഫിനെ ഭീഷണിപ്പെടുത്തിയതിൽ കർശന നടപടി ഉണ്ടാകുമെന്ന് എൻഎസ്‍യുഐ അധ്യക്ഷൻ
ബം​ഗാളിൽ പുതു ചരിത്രം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി, ചടങ്ങിൽ മോദിയുൾപ്പെടെ നിരവധി പ്രമുഖർ