'അശോകി'ന്‍റെ ചെരിപ്പ് കട ഉദ്ഘാടനം ചെയ്തത് 'അന്‍സാരി'; മുന്‍കൈ എടുത്തത് സിപിഎം

By Web TeamFirst Published Sep 8, 2019, 7:34 AM IST
Highlights

സിപിഎം പ്രവര്‍ത്തകനായ കലീം സിദ്ദിഖിയാണ് ഇരുവരെയും സൗഹൃദത്തിന്‍റെ പാതിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്ന് സിദ്ധിഖി 

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന്‍റെ രണ്ട് മുഖങ്ങളായിരുന്നവര്‍ വീണ്ടും ഒരു വേദിയില്‍ ഒന്നിച്ചെത്തി. ഗുജറാത്ത് കലാപത്തില്‍ അക്രമണകാരിയായിരുന്ന അശോക് പാര്‍മറിന്‍റെ ചെരുപ്പ് കട ക ഉദ്ഘാടനം ചെയ്യാനെത്തിയത് കലാപത്തില്‍ ജീവന് വേണ്ടി യാചിച്ച കുത്തബുദീന്‍ അന്‍സാരിയാണ്. ഏക്ത ചപ്പല്‍ ഘര്‍ എന്ന പേരില്‍ അശോക് തുറന്ന ചെരിപ്പുകട കഴിഞ്ഞ ദിവസമാണ് അന്‍സാരി ഉദ്ഘാടനം ചെയ്തത്. 

2002ല്‍ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്‍റെ ഭീകരത മുഴുവന്‍ പുറത്ത് കൊണ്ടുവന്നതായിരുന്നു ഇരുകയ്യുകളും കൂപ്പി ജീവന് വേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്ന് കലാപകാരിയുടെ മുഴുവന്‍ രൗദ്രരൂപത്തിലായിരുന്നു അശോകുണ്ടായിരുന്നത്. 

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കലാപത്തെയും വംശീയഹത്യകളേയും തള്ളിപ്പറഞ്ഞ് അശോക് മത സൗഹാര്‍ദ്ദത്തിനായി മുന്നോട്ട് വന്നിരുന്നു. 2014ലാണ് ഇരുവരും സൗഹൃദത്തിന്‍റെ പാതയിലെത്തുന്നത്. സിപിഎം പ്രവര്‍ത്തകനായ കലീം സിദ്ദിഖിയാണ് ഇരുവരെയും സൗഹൃദത്തിന്‍റെ പാതിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്ന് സിദ്ധിഖി വ്യക്തമാക്കി.

മുന്‍പ് സിപിഎം നേതാവ് പി ജയരാജന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഇരുവരും കേരളത്തിലെത്തിയിരുന്നു.

കലാപത്തിന് ശേഷം കൊല്‍ക്കത്തയിലേക്ക് പാലായനം ചെയ്ത അന്‍സാരി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിരികെ ഗുജറാത്തിലെത്തുന്നത്. ഭാര്യയും മക്കള്‍ക്കുമൊപ്പം തയ്യല്‍ക്കട നടത്തുകയാണ് അന്‍സാരിയിപ്പോള്‍. അശോകിന്‍റെ ജീവിതത്തില്‍ പുതിയൊരുമാനമുണ്ടാകുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് അന്‍സാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി  ഹിന്ദു  മുസ്‌ലിം ഐക്യത്തിന്‍റെ നാടാകണമെന്നാണ് ആഗ്രഹമെന്നും അതിനായി ഒന്നിച്ച് നില്‍ക്കണമെന്നും അശോക് പ്രതികരിച്ചു. 

click me!