
ദില്ലി: ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാക്കിസ്ഥാന് ഭീകരവാദത്തിന്‍റെ വിളനിലമാണെന്നും കൈഫ് ആരോപിച്ചു. എന്തൊരു ദൗര്‍ഗ്യകരമായ പ്രസംഗമായിരുന്നു ഐക്യരാഷ്ടസഭയിലേത്, മികച്ച ക്രിക്കറ്ററില്‍ നിന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെയും ഭീകരവാദികളുടെയും കളിപ്പാവയായി ഇമ്രാന്‍ അധഃപതിച്ചുവെന്നും കൈഫ് കുറ്റപ്പെടുത്തി.
''അതേ, പക്ഷേ നിങ്ങളുടെ രാജ്യം ഭീകരവാദത്തിനൊപ്പം ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ഭീകരാവാദികളുടെ വിളനിലമായി വളരാന്‍. എന്തൊരു ദൗര്‍ഭാഗ്യകരമായ പ്രസംഗമായിരുന്നു ഐക്യരാഷ്ട്രസഭയിലേത്, ഒരു മികച്ച ക്രിക്കറ്ററില്‍ നിന്ന് പാക്കിസ്ഥാന്‍ ആര്‍മിയുടെയും ഭീകരവാദികളുടെയും കളിപ്പാവയായുള്ള വീഴ്ച'' - കൈഫ് ട്വിറ്ററില്‍ കുറിച്ചു.
യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിനെതിരെ നേരത്തെയും ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ''അസംബന്ധം'' എന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീകരവാദികള്‍ക്ക് റോള്‍ മോഡലാണെന്നായിരുന്നു ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്‍റെ പ്രതികരണം.
ഐക്യരാഷ്ട്രസഭയില്‍ മോദി കശ്മീര്‍ വിഷയം പരാമര്‍ശിക്കാതിരുന്നപ്പോള്‍ കശ്മീര്‍ വിഷയത്തിലൂന്നിയായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രസംഗം. കശ്മീരിലെ സാഹചര്യം ഗുരുതരമെന്ന പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നു. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകും. ഐക്യരാഷ്ട്രസഭ കശ്മീരില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.
ബാലാകോട്ടില്‍ ഭീകരരെ വധിച്ചെന്ന പ്രചാരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു. വെറുപ്പിന്‍റെ ഈ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ വധിച്ചതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ആരോപണം. ആർഎസ്എസിന് ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയമാണ്. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തെന്നും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam