
കോയമ്പത്തൂര്‍: വന്യമൃഗങ്ങളും വനാതിര്‍ത്തിഗ്രാമങ്ങളിലെ കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടിലിന്‍റെ വാര്‍ത്തകളാണ് സാധാരണ കേള്‍ക്കാറുള്ളത്. എന്നാല്‍ വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ക്കായി കുളമൊരുക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഈ കര്‍ഷകന്‍. തമിഴ്നാട്ടിലെ ദേവരായപുരത്തെ വിരാലിയൂരിലെ കറുപ്പുസ്വാമിയാണ് അമ്പത് സെന്‍റില്‍ വന്യമൃഗങ്ങള്‍ക്കായി കുളമൊരുക്കിയത്. തന്‍റെ കൃഷി സ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് തന്നെയാണ് കറുപ്പുസ്വാമി ഈ കുളമൊരുക്കിയിട്ടുള്ളത്.
കാട്ടാന, പുള്ളിമാന്‍, കാട്ടുപന്നികള്‍ എന്നിവയടക്കം കുളത്തില്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ടെങ്കിലും ഉള്ളിയും തക്കാളിയുമടക്കമുള്ള തന്‍റെ കൃഷികളെ നശിപ്പിക്കാറില്ലെന്നാണ് കറുപ്പുസ്വാമി പറയുന്നത്. അടുത്തിടെ ഗ്രാമത്തിലെ ഒരു സ്ത്രീയെ അക്രമിച്ച് കൊലപ്പെടുത്തിയ ഒരു ഒറ്റയാനും ഈ കുളത്തില്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ടെന്നാണ് കറുപ്പുസ്വാമി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ഈ ഒറ്റയാനെ ഇവിടെ കണ്ടത്.
വെള്ളം കുടിക്കാന്‍ ലഭിക്കുന്നതാവാം കാര്‍ഷിക വിളയിലേക്ക് വന്യമൃഗങ്ങള്‍ തിരിയാത്തതിന് കാരണമെന്നാണ് കറുപ്പുസ്വാമി പറയുന്നത്. ആനകള്‍ വരുമ്പോള്‍ നന്ദി സൂചകമായി കര്‍പ്പൂരം കത്തിക്കാറുണ്ടെന്നും കറുപ്പുസ്വാമി പറയുന്നു. പരിസര പ്രദേശങ്ങളിലൊന്നും വെള്ളം കുടിക്കാന്‍ സമാനമായ സാഹചര്യം ഇല്ലെന്നും കറുപ്പുസ്വാമിയുടെ മകന്‍ കെ നന്ദകുമാര്‍ പറയുന്നു. അടുത്തിടെയായി പരിസരങ്ങളിലെ മറ്റ് കര്‍ഷകരും കാലികളുമായി ഈ കുളത്തിലെത്താറുണ്ട്. ആഴ്ചയില്‍ ഒരു തവണ കുളം വൃത്തിയാക്കാന്‍ ശ്രമിക്കാറുണ്ടെന്നും കറുപ്പുസ്വാമി പറയുന്നു. തുള്ളി നന രീതി സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ക്കായി വെള്ളം മാറ്റി വയ്ക്കാന്‍ കഴിയുന്നതെന്നും കറുപ്പുസ്വാമി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam