ദില്ലിയിലേക്ക് പോകാനിരുന്ന കർഷക നേതാവ് അയ്യാകണ്ണിനെ തമിഴ്‌നാട്ടിൽ വീട്ടുതടങ്കലിലാക്കി

By Web TeamFirst Published Dec 7, 2020, 10:20 AM IST
Highlights

ഭാരത് ബന്ദ് സുരക്ഷ ശക്തമാക്കാൻ ദില്ലി പൊലീസിന് കമ്മീഷണർ നിർദ്ദേശം നൽകി. ബന്ദിന്റെ സാഹചര്യത്തിൽ നഗരത്തിനുള്ളിൽ റോഡ് ഉപരോധം ഉണ്ടാകാതെയിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം

ചെന്നൈ: തമിഴ്നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണ് വീട്ടുതടങ്കലിൽ. കർഷകസമരത്തിൽ പങ്കെടുക്കാൻ ഇന്ന് ദില്ലിക്ക് പോകാനിരിക്കെയാണ് ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചത്. അയ്യാകണ്ണിനൊപ്പം 140 കർഷകരും ദില്ലിക്ക് ടിക്കറ്റ് എടുത്തിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു സംഘം കർഷകരെ പൊലീസ് തിരിച്ചയച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി ദില്ലിയിൽ പ്രതിഷേധിച്ച കർഷകരാണ് അയ്യാകണ്ണും അനുയായികളും.

ഭാരത് ബന്ദ് സുരക്ഷ ശക്തമാക്കാൻ ദില്ലി പൊലീസിന് കമ്മീഷണർ നിർദ്ദേശം നൽകി. ബന്ദിന്റെ സാഹചര്യത്തിൽ നഗരത്തിനുള്ളിൽ റോഡ് ഉപരോധം ഉണ്ടാകാതെയിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഉപരോധം നടക്കുന്ന അതിർത്തികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. സമരക്കാർ നഗരത്തിനുള്ളിൽ കടക്കാതെയിരിക്കാൻ നടപടികൾ ഉറപ്പാക്കണം. സിംഗുവിൽ മാത്രം ക്രമസമാധാനത്തിന് പത്തു ഡി സി പിമാർക്ക് ചുമതല നൽകി. രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.

അതിനിടെ ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെങ്കിലും ഫലത്തിൽ, ദില്ലി അതിർത്തിയിലേക്ക് കൂടുതൽ കർഷകരെത്തുന്നത് തടയാൻ ഇത് കാരണമാവും. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും. ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർ എസ് എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് വ്യക്തമാക്കി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ സിങ്കു അതിർത്തിയിലേക്ക് പുറപ്പെട്ടു. ദില്ലിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടാകും. കർഷകർക്കായി ദില്ലി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും.

click me!