
ദില്ലി: കേന്ദ്ര സർക്കാരിന്റെ ഇ-20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധന നയത്തെച്ചൊല്ലി പ്രതിഷേധം തുടരുന്നതിനിടെ, ഇന്ധന നയത്തിലുണ്ടാകുന്ന അനിശ്ചിതത്വം തങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന ഭീതിയിൽ പഞ്ചാബിലെ കർഷകർ. എഥനോൾ ഉൽപ്പാദനത്തിനായി ചോളവും കരിമ്പും വൻതോതിൽ കൃഷിചെയ്യാൻ പ്രോത്സാഹനം ലഭിച്ച കർഷകരാണ് ഇപ്പോൾ നയപരമായ മാറ്റങ്ങൾ ഭയന്ന് ആശങ്കയിലായിരിക്കുന്നത്.
പെട്രോളിയം ഉൽപന്നങ്ങളിൽ എഥനോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകളുടെയും സബ്‌സിഡികളുടെയും അടിസ്ഥാനത്തിലാണ് പഞ്ചാബിലെ നിരവധി കർഷകർ പരമ്പരാഗത നെല്ല്-ഗോതമ്പ് കൃഷിരീതികളിൽ നിന്ന് മാറി ചോളത്തിലേക്കും കരിമ്പിലേക്കും തിരിഞ്ഞത്. എന്നാൽ നിലവിൽ ഇ-20 ഇന്ധനത്തിനെതിരെ രാജ്യവ്യാപകമായി വാഹനാ ഉടമകളിൽ നിന്നും പ്രതിപക്ഷത്തുനിന്നും ഉയരുന്ന വിമർശനങ്ങളും, സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
എഥനോൾ നിർമ്മാണത്തിന് ആവശ്യമായ ചോളവും കരിമ്പും തങ്ങളിൽ നിന്ന് വലിയ തോതിൽ സംഭരിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ തങ്ങളുടെ വിള രീതികൾ മാറ്റിയത്. എന്നാൽ ഇന്ധന നയത്തിൽ മാറ്റമുണ്ടായാൽ തങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വിലയോ വിപണിയോ ലഭിക്കാതെ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോൾ രാജ്യത്തെ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാകാതെ കാത്തുസൂക്ഷിച്ചത് ഇ-20 നയമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു. എങ്കിലും 0ഈ പോളിസി ദീർഘകാലത്തേക്ക് സ്ഥിരതയോടെ നിലനിൽക്കുമോ എന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് ലഭിക്കണമെന്നാണ് പഞ്ചാബിലെ കർഷകരുടെ പ്രധാന ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam