
ദില്ലി: കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചാബിലെ കർഷകർ അമൃത്സർ - ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്.
പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി. കർണാടകയിലും തമിഴ്നാട്ടിലും കർഷകർ ദേശീയപാത ഉപരോധിച്ചു.
ബീഹാറിൽ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആർജെഡി രംഗത്തെത്തി. കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ട്രാക്ടറിലെത്തിയാണ് തേജസ്വി യാദവ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചത്.
ഇന്നലെയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചത്. റെയിൽവെ ട്രാക്കുകളിൽ കുത്തിരുന്ന് ഇന്നലെ മുതൽ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ഇത് 26 വരെ തുടരും. 28ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകൾ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നൽകാനാണ് കോൺഗ്രസിന്റഎ തീരുമാനം. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയിരുന്നു. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തന്നെ നൽകി. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണം തുടരുമ്പോൾ കാര്‍ഷിക ബില്ലിനോടുള്ള ജെഡിയു നിലപാട് പ്രതിപക്ഷത്തിന് ആയുധമാകും. അകാലിദളിന്‍റെ രാജിയും ജെജെപി നിലപാടും ഇപ്പോൾ ജെഡിയു വിയോജിപ്പും സര്‍ക്കാരിന് തലവേദനയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam