കർഷകരുമായി ചർച്ച തുടങ്ങി, മോദിയെ കണ്ട് മന്ത്രിമാർ, കാനഡ വിളിച്ച യോഗം ബഹിഷ്കരിച്ച് ഇന്ത്യ

By Web TeamFirst Published Dec 5, 2020, 1:53 PM IST
Highlights

പുതിയ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാരിന്‍റെ ഉദ്ദേശ ശുദ്ധി ഗംഗാജലം പോലെ  പവിത്രമാണെന്ന് പറഞ്ഞിട്ടും സമരം ചെയ്യുന്ന കര്‍ഷകര്‍  പ്രധാനമന്ത്രിയെ  വിശ്വാസത്തിലെടുത്തില്ല. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചർച്ചയുടെ തത്സമയവിവരങ്ങൾ...

ദില്ലി: വിവാദകർഷകനിയമഭേദഗതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തുന്ന ചർച്ച ദില്ലി വിഗ്യാൻ ഭവനിൽ തുടങ്ങി. സംഘടനകളുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി  വിളിച്ചുചേർത്തു. കര്‍ഷക സമരം ഒത്തുതീർപ്പാക്കുന്നതിൽ പ്രധാനമന്ത്രി നേരിട്ടിടപെട്ട് സ്ഥിതി വിലയിരുത്തുകയാണ്. അതേസമയം, കാനഡ വിളിച്ച കൊവിഡ് യോഗം ബഹിഷ്കരിക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കർഷകസമരത്തിന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പുതിയ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാരിന്‍റെ ഉദ്ദേശ ശുദ്ധി ഗംഗാജലം പോലെ  പവിത്രമാണെന്ന് പറഞ്ഞിട്ടും സമരം ചെയ്യുന്ന കര്‍ഷകര്‍  പ്രധാനമന്ത്രിയെ  വിശ്വാസത്തിലെടുത്തിട്ടില്ല. സമരം ഒത്തു തീര്‍പ്പാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസംഗങ്ങളിലൂടെ നിയമത്തെ ന്യായീകരിക്കാനാണ് മോദി ശ്രമിച്ചത്. 

എന്നാല്‍ ദില്ലിയുടെ അതിര്‍ത്തികളിലെ സമരം രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ഇന്നത്തെ ചര്‍ച്ചക്ക് മുന്നോടിയായി പ്രധാനമന്ത്രി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍, വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്സഭാ സ്പീക്കർ ഓം ബിർളയും യോഗത്തിൽ പങ്കെടുത്തു. നിയമഭേദഗതി പിൻവലിക്കാൻ പ്രത്യേകസമ്മേളനം വിളിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു.  

പുതിയ നിയമങ്ങളില്‍ ഭേദഗതിയാകാമെന്ന  നിലപാട് യോഗം ചര്‍ച്ചചെയ്തതായാണ് വിവരം. പ്രധാനമന്ത്രിയുടെ കൂടി നിലപാട് മന്ത്രിമാര്‍ യോഗത്തെ അറിയിക്കും. നിയമഭേദഗതിയില്‍ കേന്ദ്രം കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങളും പ്രധാനമന്ത്രിയുടെ  സാന്നിധ്യത്തില്‍  വിലയിരുത്തി. കര്‍ഷകര്‍ സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും, തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ ഇന്നത്തെ ചര്‍ച്ചക്കിരിക്കുന്നതെന്നുമാണ് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെ പ്രതികരണം.

ദില്ലിയുടെ അതിർത്തിപ്രദേശങ്ങൾ കർഷകർ വളഞ്ഞു കഴിഞ്ഞു. സമരം തുടങ്ങിക്കഴിഞ്ഞ് മൂന്ന് തവണയാണ് കേന്ദ്രസർക്കാർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയത്. എന്നാൽ മൂന്നും സമവായമാകാതെ പിരിഞ്ഞു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ വഴികളുമടച്ചുള്ള സമരത്തിൽ കേന്ദ്രസർക്കാർ അക്ഷരാർത്ഥത്തിൽ കുരുക്കിലാണ്. രാജ്യം കണ്ട ഏറ്റവും വലിയ കർഷകസമരങ്ങളിലൊന്നാണിത്. 

ഡിസംബർ 8 ചൊവ്വാഴ്ച, സമരവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്തേക്കുള്ള റെയിൽ - റോഡ് ഗതാഗതം അന്ന് പൂർണമായി തടയുമെന്നും, രാജ്യത്തെ എല്ലാ ഹൈവേ ടോൾഗേറ്റുകളിലും സമരവുമായി ഇരിക്കുമെന്നും കർഷകസംഘടനാപ്രതിനിധികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ഇതിനിടെ കര്‍ഷക സമരം രാജ്യാന്തര തലത്തിലും ചര്‍ച്ചയാകുകയാണ്. കര്‍ഷക സമരം ന്യായമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചതിന് പിന്നാലെ കാനഡ വിളിച്ച കൊവിഡ് യോഗം ബഹിഷ്കരിക്കാൻ ഇന്ത്യ തീരുമാനിച്ചു. കൊവിഡ് നിയന്ത്രണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ പങ്കെടുക്കില്ല. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിച്ച ശേഷവും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

click me!