
ദില്ലി: ലഖിംപുർ ഖേരി (Lakhimpur Kheri)ആക്രമണത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയ്ക്കും (Ajay Mishra)മകൻ ആശിഷ് മിശ്രയ്ക്കും (Asish Mishra)മകനുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച അഞ്ചിന സമര പരിപാടികൾ പ്രഖ്യാപിച്ചു. ഓക്ടോബർ 12 ന് ലഖിംപൂരിൽ പ്രതിഷേധ പരിപാടി നടത്തും. കർഷക രക്തസാക്ഷിത്വ ദിനമായി ആചരിക്കും. 15 ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിക്കും. 18 ന് രാജ്യവ്യാപക റെയിൽ ഉപരോധവും 26 ന് ലക്നൗവിൽ മഹാപഞ്ചായത്തും പ്രഖ്യാപിച്ചു.
കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. ലഖിംപൂർ ഖേറിയിൽ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവർത്തകന്റെ വീട്ടിൽ ഇന്നലെ ആരംഭിച്ച നിരാഹാരമാണ് സിദ്ദു അവസാനിപ്പിച്ചത്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായതിനാൽനിരാഹാരം അവസാനിപ്പിക്കുന്നുവെന്ന് സിദ്ദു അറിയിച്ചു.
അതേ സമയം ലഖിംപൂർ കേസിൽ മന്ത്രി പുത്രനെ ചോദ്യം ചെയ്യൽ തുടരുകയാണ്. കർഷകർക്കിടയിലേക്ക് വാഹനം കയറ്റിയതിൽ തനിക്ക് പങ്കില്ലെന്ന വാദം ആശിഷ് മിശ്ര ആവർത്തിക്കുകയാണ്. മാധ്യമങ്ങളെ ഒഴിവാക്കി പിൻവാതിലിലൂടെയാണ് ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഒടുവിൽ ഇടപെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ആവശ്യപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സന്ദർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam