വാങ്ങിയത് പനീർ ബട്ടർ മസാല, കിട്ടിയത് ബട്ടർ ചിക്കൻ: സൊമാറ്റോയ്ക്കും ഹോട്ടലിനും കനത്ത പിഴ

By Web TeamFirst Published Jul 6, 2019, 5:16 PM IST
Highlights

വ്രതം അവസാനിപ്പിക്കാൻ അഭിഭാഷകൻ ഓർഡർ ചെയ്‌ത വെജിറ്റേറിയൻ വിഭവത്തിന് പകരം മാംസാഹാരം വിളമ്പിയതാണ് പ്രശ്നമായത്

പുണെ: വ്രതത്തിലായിരുന്ന അഭിഭാഷകന് മാംസാഹാരം നൽകിയ സംഭവത്തിൽ സൊമാറ്റോയ്ക്കും ഭക്ഷണം നൽകിയ ഹോട്ടലിനും 55000 രൂപ പിഴ. ഷൺമുഖ് ദേശ്‌മുഖ് എന്ന അഭിഭാഷകന്റെ ഹർജിയിൽ പുണെയിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് ഈ വിധി പുറപ്പെടുവിച്ചത്.

വരുന്ന 45 ദിവസത്തിനുള്ളിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് വിധിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയിൽ പറയുന്നു. തുക നൽകാൻ വൈകുന്ന പക്ഷം പത്ത് ശതമാനം പലിശ കൂടി നൽകേണ്ടി വരും. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ ജോലി ചെയ്യുന്ന അഭിഭാഷകൻ മെയ് 31 ന് പനീർ ബട്ടർ മസാലയാണ് ഓർഡർ ചെയ്തത്. തന്റെ വ്രതം അവസാനിപ്പിക്കാനായാണ് ഇദ്ദേഹം ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഇദ്ദേഹത്തിന് ലഭിച്ചത് ബട്ടർ ചിക്കൻ എന്ന വിഭവമായിരുന്നു. രണ്ട് കറിയുടെയും നിറം സമാനമായതിനാൽ വിഭവം ഏതെന്ന് അറിയാതെ അഭിഭാഷകൻ ഇത് കഴിച്ചു.

ഇതേക്കുറിച്ച് സൊമാറ്റോയുടെ ഡെലിവറി ബോയിയോടും ഹോട്ടലുടമയോടും അഭിഭാഷകൻ പരാതിപ്പെട്ടു. ഉടൻ പനീർ ബട്ടർ മസാല നൽകാമെന്ന് ഹോട്ടലുടമകൾ പറഞ്ഞെങ്കിലും രണ്ടാമത്തെ തവണയും കിട്ടിയത് ബട്ടർ ചിക്കനായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അഭിഭാഷകൻ ഇരു കമ്പനികൾക്കും എതിരെ മറ്റൊരു അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു. തന്റെ മതവിശ്വാസത്തെ വേദനിപ്പിക്കും വിധം മനപ്പൂർവ്വം മാംസാഹാരം വിളമ്പിയെന്ന് അദ്ദേഹം നോട്ടീസിൽ ആരോപിച്ചിരുന്നു.

എന്നാൽ ഹോട്ടലുടമയോ സൊമാറ്റോയോ മറുപടി നൽകിയില്ല. ഇതോടെ അഭിഭാഷകൻ കൂടിയായ ദേശ്‌മുഖ് കൺസ്യൂമർ ഫോറത്തെ സമീപിച്ചു. സൊമാറ്റോയിൽ നിന്ന് അഞ്ച് ലക്ഷവും ഹോട്ടലുടമയോട് ഒരു ലക്ഷവും നഷ്ടപരിഹാരമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. 

എന്നാൽ കമ്പനിയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ദേശ്മുഖിന്റെ പരാതിയെന്നായിരുന്നു സൊമാറ്റോയുടെ വാദം. പരാതിക്കാരൻ വിഭവത്തിന് നൽകിയ പണം തിരികെ നൽകിയെന്നും ഇവർ പറഞ്ഞു. തെറ്റായ വിഭവം നൽകിയതിന്റെ ഉത്തരവാദിത്തം ഹോട്ടലുടമയ്ക്കാണെന്നും അവർ പറഞ്ഞു. എന്നാൽ ഓർഡർ തെറ്റിയാണ് അയച്ചതെന്ന് ഹോട്ടലുടമ സമ്മതിച്ചു. 

click me!