
ബിലാസ്പൂർ: മകൻ മരിച്ചതിനെ തുടർന്ന് മകന്റെ 22 കാരിയായ ഭാര്യയെ വിവാഹം ചെയ്ത് ഭർതൃപിതാവ്. കൃഷ്ണസിംഗ് രാജ്പുത് എന്നയാളാണ് മകന്‍റെ വിധവയായ ആരതി എന്ന യുവതിയെ വിവാഹം ചെയ്തത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിന്റെ സംരക്ഷണയിലായിരുന്നു യുവതി. രണ്ട് വർഷം മുമ്പാണ് കൃഷ്ണ സിംഗിന്റെ മകനായ ഗൗതം സിംഗ് മരിച്ചത്. ഇതിന് ശേഷം ആരതിയുടെ ഏകാന്ത ജീവിതത്തെയും ഭാവിയെയും ഓർത്ത് ഭർതൃപിതാവും സമുദായവും ആശങ്കാകുലരായിരുന്നു. അതിനെ തുടർന്നാണ് മരുമകളെ വിവാഹം ചെയ്യാൻ കൃഷ്ണ സിംഗ് തീരുമാനിച്ചത്.
2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്‍റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. 2018ലാണ് ഗൗതം സിംഗിന്റെ മരണം. വിധവയായ സ്ത്രീകളുടെ പുനർവിവാഹത്തെ അനുവദിക്കുന്ന സമുദായമാണ് ഇവരുടേത്. മരുമകളെ വളരെ നല്ല രീതിയിലാണ് കൃഷ്ണ സിംഗ് സംരക്ഷിച്ചിരുന്നത്. ഭർതൃപിതാവ് തന്നെ വളരെ നന്നായി പരിപാലിച്ചിരുന്നു എന്ന് ആരതിയും പറയുന്നു. രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങളുടെ അനുമതിയോടെയായിരുന്നു വിവാഹം. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam