
ദില്ലി: ആക്രമിക്കപ്പെടുമെന്ന ഭയം മൂലം താഴേത്തട്ടിലുള്ള ജഡ്ജിമാർ കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. "ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വിമുഖത കാട്ടുകയാണ്. അതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു. താഴേത്തട്ടിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നത് കുറ്റം മനസ്സിലാക്കാത്തതുകൊണ്ടല്ല, എന്നാൽ ഹീനമായ കേസുകളിൽ ജാമ്യം അനുവദിച്ചതിന് ടാർഗെറ്റുചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്". ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും ചടങ്ങിൽ പങ്കെടുത്തിരുന്നു. ട്രാൻസ്ഫർ ഹർജികളുമായി ബന്ധപ്പെട്ട് നിരവധി അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ കണ്ടതിൽ അദ്ദേഹം ആശങ്ക ഉന്നയിച്ചു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ചില അഭിഭാഷകർ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെന്ന് താൻ കേട്ടു. ഇത് വ്യക്തിപരമായ പ്രശ്‌നമാകാം. പക്ഷേ സർക്കാരിന്റെ പിന്തുണയുള്ള കൊളീജിയത്തിന്റെ ഓരോ തീരുമാനത്തിനും അനുസരിച്ച് ഇത് ആവർത്തിക്കുകയാണെങ്കിൽ, അത് എവിടേക്ക് നയിക്കും? ആകെയുള്ള അവസ്ഥ മാറുമെന്നും റിജിജു പറഞ്ഞു.
നവംബർ 9നാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2024 നവംബർ 10 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. നവംബർ 9ന് വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. കെട്ടിക്കിടക്കുന്ന കേസുകളിൽ അതിവേഗം പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസുകൾ പെട്ടെന്ന് തീർപ്പാക്കാനായി പത്ത് വീതം വിവാഹാനന്തര കേസുകളുടെ ട്രാൻസ്ഫർ ഹർജികളും ജാമ്യ ഹർജികളും എല്ലാ സുപ്രീംകോടതി ബെഞ്ചുകളും പരിഗണിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ യോഗത്തിൽ തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചിരുന്നു.
13 ബെഞ്ചുകളും വിവാഹ തർക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാൻസ്ഫർ ഹർജികളും പത്ത് ജാമ്യ ഹർജികളും ദിവസവും കേൾക്കാൻ സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗത്തിൽ തീരുമാനമായി.തുടർന്ന് ശീതകാല അവധിക്ക് മുമ്പ് അത്തരം എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. "ക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാമ്യ ഹർജികൾ പരിഗണിക്കണം. അതുപോലെ വിവാഹ ട്രാൻസ്ഫർ കേസുകളുമായി ബന്ധപ്പെട്ട് 3,000 ഹർജികൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. കക്ഷികൾ ഈ കേസുകൾ ബന്ധമുള്ളിടങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നുമുണ്ട്" അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam