
ദില്ലി: വിദേശത്തേക്ക് കോടികളുടെ ലഹരിമരുന്ന് കടത്തിയ സംഘത്തിന്റെ തലവനും ഡിഎംകെ മുൻ നേതാവുമായ ജാഫർ സാദിഖ് അറസ്റ്റിൽ. രാജസ്ഥാനിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇയാളെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓസ്ട്രേലിയ, ന്യുസീലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് 3500 കോടി രൂപയുടെ ലഹരി മരുന്ന് ജാഫറിന്റെ സംഘം കടത്തിയതായി എൻസിബി പറഞ്ഞു.
ലഹരിക്കടത്തിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗിനും സിനിമാ നിർമ്മാണത്തിനും ഉപയോഗിച്ചു . തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പല പ്രമുഖർക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ജാഫർ മൊഴി നൽകിയതായും എൻസിബി പറഞ്ഞു. ഫെബ്രുവരി 15 മുതൽ ഒളിവിലാണെന്ന് എൻസിബി അറിയിച്ചിരുന്നു.
45 പാഴ്സലുകളിലായി 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ ഓസ്‌ട്രേലിയയിലേക്ക് അയച്ചതായി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് പറഞ്ഞു. നാളികേരത്തിലും ഡ്രൈ ഫ്രൂട്ടിലും ഒളിപ്പിച്ചാണ് സ്യൂഡോഫെഡ്രിൻ വിദേശത്തേക്ക് അയച്ചത്. തിരുവനന്തപുരം, മുംബൈ, പൂനെ, ഹൈദരാബാദ് വഴിയാണ് സാദിഖ് ജയ്പൂരിലേക്ക് രക്ഷപ്പെട്ടത്. സാദിഖ് ഇതുവരെ നാല് സിനിമകൾ നിർമിച്ചു. അവയിലൊന്ന് ഈ മാസം റിലീസ് ചെയ്യും. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, ഭരണകക്ഷിയായ ഡിഎംകെക്കെതിരെ ആഞ്ഞടിച്ചു. തമിഴ്‌നാട് ഇന്ത്യയുടെ മയക്കുമരുന്ന് തലസ്ഥാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam