
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന്റെയും പൂത്തിരി കത്തിക്കുന്നതിന്റെയുമൊക്കെ വിവിധ തരത്തിലുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. വൈറലാവാന്‍ പല തരത്തില്‍ ആഘോഷം കൊഴുപ്പിക്കുന്നവര്‍ മുതല്‍ അപകടകരമായ സാഹസങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
റോഡില്‍ അടുത്തടുത്തായി പായുന്ന മൂന്ന് കാറുകളില്‍ ഒരെണ്ണത്തിന്റെ റൂഫില്‍ വെച്ചാണ് പടക്കങ്ങളും പൂത്തിരികളും കത്തിക്കുന്നത്. മറ്റൊരു കാറിന്റെ സണ്‍ റൂഫ് വിന്‍ഡോയിലൂടെ ഒരാള്‍ പുറത്തേക്ക് തലയിട്ട് കൈവീശി കാണിക്കുന്നതും ബഹളം വെയ്ക്കുന്നതും കാണാം. എന്നാല്‍ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി തന്നെയാവണം ഒരൊറ്റ കാറിനും നമ്പര്‍ പ്ലേറ്റില്ല. എന്നിരുന്നാലും ഗുരുഗ്രാം സെക്ടര്‍ 70ല്‍ ഒരു മാളിന് മുന്‍വശത്താണ് ഇത് അരങ്ങേറിയതെന്ന് മനസിലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആഘോഷങ്ങളുടെ പേരില്‍ യുവാക്കളുടെ അതിരുവിട്ട പ്രകടനമാണ് അരങ്ങേറിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട വീഡിയോ ക്ലിപ്പിന് മറുപടിയായി നിരവധിപ്പേര്‍ അഭിപ്രായപ്പെടുന്നു.
അത്യന്തം അപകടകരമായിരുന്നെങ്കിലും വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗുരുഗ്രാം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആളുകളെ കണ്ടെത്തിയ ശേഷം നിയമപ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത ചില വ്യക്തികളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവരം ലഭിച്ചതായും ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളില്‍ പടക്കം പൊട്ടിച്ചത് പോലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതായും കര്‍ശന അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വരുണ്‍ ദഹിയ പറഞ്ഞു. സിസിടികളില്‍ നിന്നും അല്ലാതെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam