
ജയ്പൂര്: ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ജയ്‍പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാനത്തെ ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്‍ട്രാറുമായ ബന്‍വര്‍ലാല്‍ ബൈര്‍വ കഴിഞ്ഞ ദിവസം അറിയിച്ചു.
ട്രാന്‍സ് വ്യക്തിയായ നൂര്‍ ശെഖാവത്തിലാണ് ബുധനാഴ്ച ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇനി മുതല്‍ കോര്‍പറേഷന്റെ പോര്‍ട്ടലിലെ ജനന റെക്കോര്‍ഡുകളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കൊപ്പം ട്രാന്‍സ്‍ജെന്‍ഡറുകളും ഉള്‍പ്പെടുമെന്ന് ചീഫ് രജിസ്‍ട്രാര്‍ അറിയിച്ചു. ട്രാന്‍സ് വ്യക്തികളെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ നൂര്‍ ശെഖാവത്തിന്റെ ജനന സമയത്ത് ആണ്‍ എന്നായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. പന്ത്രണ്ടാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍ ഇപ്പോള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ഒരു സന്നദ്ധ സംഘടന നടത്തുകയാണ് ചെയ്യുന്നത്. പുതിയ നീക്കത്തോടെ സര്‍ക്കാറിന് ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രത്യേകമായി ക്രോഡീകരിക്കാന്‍ സഹായകമാവുമെന്ന് അവര്‍ പ്രതികരിച്ചു. ഒപ്പം ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജോലികളില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam