
ദില്ലി: ജൂൺ ഒന്നിന് ട്രെയിൻ സർവ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കത്ത് നല്‍കിയത്. ശ്രമിക് ട്രെയിൻ സർവ്വീസ് പൂർത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍ നടക്കും. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.
കൊവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടകയും ദില്ലിയിലും ഗോവയും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് കർണ്ണാടകയും ദില്ലിയും റസ്റ്ററന്‍റുകള്‍ തുറക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടു. അതേസമയം കർണാടകത്തിൽ നിന്നുളള പതിനാറ് ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. യാത്രക്കാർ കുറവായത് കൊണ്ടെന്നാണ് വിശദീകരണം. കർണാടക സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണ് ട്രെയിൻ റദ്ദാക്കിയതെന്ന് റെയിൽവേ വ്യക്തമാക്കി. ബിഹാർ, ഉത്തർപ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലേക്കുളള ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇതുവരെ 167 ശ്രമിക് ട്രെയിനുകളിലായി രണ്ടരലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കർണാടകത്തിൽ നിന്ന് നാട്ടിലേക്ക് പോയത്. മടങ്ങുന്നതിന് വേണ്ടി ഏഴ് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കർണാടക സർക്കാരിന്‍റ കണക്ക്. ഇതിനിടെയാണ് ആളില്ലെന്ന കാരണത്താൽ ട്രെയിൻ റദ്ദാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam